ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ന് പെലെ സമുദ്രമാകും; ആദരവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍

By Web TeamFirst Published Jan 12, 2023, 11:02 AM IST
Highlights

മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ച എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരത്തില്‍ കൊല്‍ക്കത്ത വളരെ സ്വീകാര്യമായ നഗരമാണ്

കൊല്‍ക്കത്ത: വിട പറഞ്ഞ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അനുസ്‌മരിക്കും. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ആദരമൊരുക്കുന്നത്. 1977 സെപ്റ്റംബര്‍ 24ന് മോഹന്‍ ബഗാനെതിരെ ന്യൂയോര്‍ക്ക് കോസ്‌‌മോസിനായി പെലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിച്ചിരുന്നു. പെലെയുടെ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ ഈഡനിലെ ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. പെലെയ്ക്കെതിരെ കളിച്ച മോഹന്‍ ബഗാന്‍ ടീമിലെ താരങ്ങളെ മത്സരം കാണാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ വലിയ ആരാധകക്കൂട്ടമുള്ള താരമാണ് പെലെ. മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ച എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരത്തില്‍ കൊല്‍ക്കത്ത വളരെ സ്വീകാര്യമായ നഗരമാണ്. 1977ല്‍ ആദ്യമായി പെലെ മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരം കളിക്കാനെത്തിയപ്പോള്‍ ഇന്ത്യന്‍ ഇതിഹാസം പി കെ ബാനര്‍ജിയും സംഘവും കോസ്‌മോസിനെ 2-2ന് സമനിലയില്‍ തളച്ചിരുന്നു. മത്സരം കാണാന്‍ അന്ന് 65,000ത്തിലേറെ ആരാധകര്‍ ഈഡനിലെത്തി. പിന്നീട് 2015ലും 2018ലും വിവിധ പരിപാടികള്‍ അതിഥിയായി പെലെ ഇന്ത്യയിലെത്തി. 

സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ച് 82-ാം വയസിലായിരുന്നു പെലെയുടെ അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ സാന്‍റോസില്‍ നടന്നു. പെലെ ഫുട്‌ബോള്‍ ജീവിതത്തില്‍ 18 വര്‍ഷം കളിച്ച സാന്‍റോസ് ക്ലബിന്‍റെ മൈതാനത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു. 

ഫുട്‌ബോള്‍ രാജാവിന് വിട! പെലെയുടെ സംസ്‌കാര ചടങ്ങുകളില്‍ വിതുമ്പി ആയിരങ്ങള്‍

tags
click me!