
മനാമ: ബലാറസിനെതിരായ (Belarus) സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് (India Football) തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അര്‍ട്യോം ബികോവ്, ആന്ദ്രേ സൊളോവി, വലേരി ഗ്രോമ്യകോ എന്നിരവരാണ് യൂറോപ്യന്‍ ടീമിന്റെ ഗോള്‍ നേടിയത്. ഫിഫ (Fifa) റാങ്കിംഗില്‍ 94-ാം സ്ഥാനത്താണ് ബലാറസ്. ഇന്ത്യ 104-ാം സ്ഥാനത്താണ്.
ആദ്യപാതിയില്‍ ബലാറസിനെ ഗോളടിപ്പിക്കാതെ പ്രതിരോധിച്ച് നിര്‍ത്തിയെന്നത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബലാറസായിരുന്നു മുന്നില്‍. അഞ്ച് ഷോട്ടുകള്‍ അവരുതിര്‍ത്തു. അതില്‍ മൂന്നെണ്ണം ഗോള്‍വര കടന്നു. ഇന്ത്യക്ക് എതിര്‍ ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ പോലുമായില്ലെന്നുള്ളതാണ് വസ്തുത.
കടുത്ത പ്രതിരോധ ഫുട്‌ബോള്‍ ശൈലിയാണ് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് പിന്തുടര്‍ന്നത്. പ്രതിരോധത്തില്‍ അഞ്ച് താരങ്ങളെ നിരത്തി. മധ്യനിരയില്‍ നാല് പേരും. മലയാളി താരം വി പി സുഹൈറായിരുന്നു ഏക സ്‌ട്രൈക്കര്‍. 49-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. 20 മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും ഇന്ത്യയുടെ വലയിലെത്തി. ഇഞ്ചുറി സമയത്തായിരുന്നു മത്സരത്തിലെ മൂന്നാം ഗോള്‍.
ആദ്യ മത്സത്തില്‍ ഇന്ത്യ ബഹ്‌റൈനോട് തോറ്റിരുന്നു. 88ാം മിനിറ്റ് വരെ ബഹ്‌റിനെ 1-1സമനിലയില്‍ പിടിച്ച ഇന്ത്യയെ ഹുമൈദാന്‍ നേടിയ ഗോളിലാണ് ബഹ്‌റിന്‍ മറികടന്നത്. ആദ്യ പകുതിയില്‍ ബഹ്‌റിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റിലാണ് ബഹ്‌റിന്‍ ലീഡെടുത്തത്. മൊഹമ്മദ് ഹര്‍ദാനായിരുന്നു ബഹ്‌റിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ മടങ്ങിയ ബഹ്‌റിനെ രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ രാഹുല്‍ ബെക്കേയുടെ ഗോളിലാണ് ഇന്ത്യ സമനിലയില്‍ തളച്ചത്.