FIFA U17 Womens WC : ഇന്ത്യ മരണ ഗ്രൂപ്പില്‍; ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടേണ്ടത് ബ്രസീലിനേയും അമേരിക്കയേയും

By Web TeamFirst Published Jun 25, 2022, 3:33 PM IST
Highlights

11ന് ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ഒക്ടോബര്‍ 30ന് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (DY Patil Stadium) നടക്കും.

കൊല്‍ക്കത്ത: ഫിഫ വനിതാ അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ മരണഗ്രൂപ്പില്‍. കരുത്തരായ ബ്രസീലും അമേരിക്കയും ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടത്. സൂറിച്ചിലായിരുന്നു മത്സരക്രമത്തിനായുള്ള നറുക്കെടുപ്പ് നടന്നത്. മൊറോക്കോയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഗ്രൂപ്പ് ബിയില്‍ ജര്‍മനി, നൈജീരിയ, ചിലെ, ന്യുസീലന്‍ഡ് എന്നീ ടീമുകള്‍ കളിക്കും. 

സ്‌പെയിന്‍, കൊളംബിയ, മെക്‌സിക്കോ, ചൈന ടീമുകള്‍ ഗ്രൂപ്പ് സിയിലാണ്. ഗ്രൂപ്പ് ഡിയില്‍ ജപ്പാന്‍, ടാന്‍സാനിയ, കാനഡ, ഫ്രാന്‍സ് എന്നീ ടീമുകളുണ്ട്. ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഭുവനേശ്വര്‍, ഗോവ, നവി മുംബൈ ന്നിവിടങ്ങളിലായി ആണ് ലോകകപ്പ് നടക്കുന്നത്.

11ന് ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ഒക്ടോബര്‍ 30ന് മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (DY Patil Stadium) നടക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാവുക ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമായിരിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മൂന്ന് കളിയും ഭുവനേശ്വറിലാണ് നടക്കുക.

ഒക്ടോബര്‍ 11, 14, 17 ദിവസങ്ങളിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളാണ് ലോകകപ്പില്‍ കളിക്കുന്നത്. അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. 

എന്നാല്‍ കൊവിഡ് മഹാമാരി പിടിമുറുക്കിയതോടെ ആദ്യം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയും പിന്നീട് ഫിഫ റദ്ദാക്കുകയുമായിരുന്നു. ഇതോടെ 2022 എഡിഷന്‍ ഇന്ത്യക്ക് അനുവദിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു തീരുമാനം.

click me!