ഇന്ത്യ-ഒമാന്‍ പോരാട്ടം ഇന്ന്; മത്സരം വൈകിട്ട് 7 .15ന്

By Web TeamFirst Published Mar 25, 2021, 5:50 PM IST
Highlights

കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ ഇരുപത്തിയേഴംഗ ടീമിന്‍റെ ശരാശരി പ്രായം 24 വയസാണ്. മിക്കവരും ഐഎസ്എല്ലിലെ മികവുമായി എത്തിയവർ.

മസ്കറ്റ്: ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് അന്താരാഷ്ട്രസൗഹൃദമത്സരത്തിൽ ഒമാനെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴേകാലിനാണ് കളി തുടങ്ങുക. പതിനഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിലിറങ്ങുന്നത്. കൊവിഡ് ബാധിതനായ നായകൻ സുനിൽ ഛേത്രി ഇല്ലാതെയാണ് ജൂണിലെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ പോരാട്ടത്തിൽ ഒമാനെ നേരിടാനിറങ്ങുന്നത്.

കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ ഇരുപത്തിയേഴംഗ ടീമിന്‍റെ ശരാശരി പ്രായം 24 വയസാണ്. മിക്കവരും ഐഎസ്എല്ലിലെ മികവുമായി എത്തിയവർ. വിംഗർ ആഷിക് കുരുണിയനും ഡിഫൻഡർ മഷൂർ ഷെരീഫുമാണ് ടീമിലെ മലയാളി സാന്നിധ്യം. സന്ദേശ് ജിംഗാൻ, ഗുർപ്രീത് സിംഗ്, പ്രീതം കോട്ടാൽ , ഹാളിചരൺ നർസാരി തുടങ്ങിയ പരിചയ സമ്പന്നർക്കൊപ്പം ലിസ്റ്റൺ കൊളാസോ, ആകാശ് മിശ്ര, ഇഷാൻ പണ്ഡിത, ബിപിൻ സിംഗ് എന്നിവടങ്ങിയ യുവനിരയും പോരിന് തയ്യാർ.

ടീമിൽ എത്താനുള്ള ഏക മാനദണ്ഡം നിലവിലെ ഫോം മാത്രമാണെന്ന് കോച്ച് സ്റ്റിമാക്ക് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറ്റിനാലാം സ്ഥാനത്തും ഒമാൻ എൺപത്തിയൊന്നാം സ്ഥാനത്തുമാണ്. അവസാന മത്സരത്തിൽ ജോർദാനുമായി സമനില വഴങ്ങിയാണ് ഒമാനെത്തുന്നത്.

കഴിഞ്ഞ പത്തുവർത്തിനിടെ ഇരുടീമും ഏറ്റ് മുട്ടിയ ആറ് കളിയിൽ അഞ്ചിലും ജയം ഒമാനൊപ്പമായിരുന്നു. ഒരു സമനിലയാണ് ഇന്ത്യയുടെ ആശ്വാസം. ഈമാസം പതിനഞ്ച് മുതൽ ദുബായിൽ പരിശീലനം നടത്തുന്ന ഇന്ത്യ 29ന് യു എ ഇയെയും സന്നാഹമത്സരത്തിൽ നേരിടും.

click me!