കേരളാ ബ്ലാസ്‌റ്റേഴ്‌സും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും തമ്മിലുള്ള മത്സരത്തിന് വഴിയൊരുങ്ങുന്നു; അതും കൊച്ചിയില്‍

Published : Jul 02, 2022, 10:17 AM ISTUpdated : Jul 02, 2022, 10:21 AM IST
കേരളാ ബ്ലാസ്‌റ്റേഴ്‌സും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമും തമ്മിലുള്ള മത്സരത്തിന് വഴിയൊരുങ്ങുന്നു; അതും കൊച്ചിയില്‍

Synopsis

കേരളത്തിലെ കാണികളുടെ ആവേശം അടുത്തറിയണമെന്നും സെപ്റ്റംബര്‍ മാസത്തെ ക്യാംപും അന്താരാഷ്ട്ര സൗഹൃദമത്സരവും കേരളത്തില്‍ നടത്തണമെന്നും കഴിഞ്ഞ മാസം ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കും ട്വീറ്റ് ചെയ്തു.

ദില്ലി: ഇന്ത്യന്‍ ടീമും കേരളാ ബ്ലാസ്റ്റേഴ്‌സും (Kerala Blasters) തമ്മില്‍ കൊച്ചിയില്‍ പരിശീലനമത്സരത്തിന് കളമൊരുങ്ങുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭരണചുമതല വഹിക്കുന്ന സമിതിയുമായി ഇക്കാര്യം ഇന്ത്യന്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്ക് (Igor Stimac) ചര്‍ച്ച ചെയ്തു. നേരത്തെ, ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic) ഇന്ത്യന്‍ ടീമുമായി പരിശീലന മത്സരം കളിക്കുന്നതിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു.

കേരളത്തിലെ കാണികളുടെ ആവേശം അടുത്തറിയണമെന്നും സെപ്റ്റംബര്‍ മാസത്തെ ക്യാംപും അന്താരാഷ്ട്ര സൗഹൃദമത്സരവും കേരളത്തില്‍ നടത്തണമെന്നും കഴിഞ്ഞ മാസം ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കും ട്വീറ്റ് ചെയ്തു. പിന്നാലെ സാമൂഹികമാധ്യമങ്ങളിലൂടെ ഇരു പരിശീലകരും മത്സരിക്കാനുള്ള താല്‍പര്യവും പങ്കുവച്ചു. കേരളാബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങളെ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറക്കണമെന്ന് ഇഗോര്‍ സ്റ്റിമാക്ക് ആവശ്യപ്പെട്ടപ്പോള്‍ മത്സരം നടത്താന്‍ അതിനും തയ്യാറാണെന്ന് വുകോമനോവിച്ചും മറുപടി നല്‍കി. 

സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കപ്പുറം കാര്യങ്ങള്‍ ഔദ്യോഗികമായി നീങ്ങുന്നുവെന്നാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചുമതല ഏറ്റെടുത്ത സുപ്രീംകോടതി നിയോഗിച്ച സമിതി ഇന്ത്യന്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, സീനിയര്‍ താരങ്ങള്‍ എന്നിവരുമായി ഓണ്‍ലൈനിലൂടെ ചര്‍ച്ച നടത്തി. 

സെപ്റ്റംബറിലെ കേരളത്തിലെ ക്യാംപിനെക്കുറിച്ചും ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ മുന്നൊരുക്കത്തെക്കുറിച്ചുമുള്ള ആവശ്യങ്ങളോട് സമിതി അനുഭാവപൂര്‍വം പ്രതികരിച്ചെന്ന് ഇഗോര്‍ സ്റ്റിമാക്ക് അറിയിച്ചു. രണ്ടാഴ്ചയില്‍ കുറയാത്ത ക്യാംപാണ് കേരളത്തില്‍ ടീം ഉദ്ദേശിക്കുന്നത്. രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്‌സുമായി പരിശീലന മത്സരവും നടത്താനാണ് ആലോചന. 

ഏഷ്യന്‍കപ്പിന് മുന്നോടിയായി 2023ല്‍ ദൈര്‍ഘ്യമേറിയ ക്യാംപിനും പദ്ധതിയുണ്ട്. രാജ്യത്തെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി താരങ്ങളും പരിശീലകനും നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സമിതി നന്ദിയറിച്ചു. ഇന്ത്യന്‍ ടീമിന്റെ മത്സരത്തിന് അവസരം വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് നേരത്തെ കായികമന്ത്രി വി അബ്ദുറഹ്മാനും ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം