
ദില്ലി: ഇന്ത്യൻ ഫുട്ബോളിൻ്റെ സമഗ്ര വികസനത്തിനായി വിഷൻ 2047 അവതരിപ്പിച്ചു. ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് കല്യാൺ ചൗബെ, ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ എന്നിവരാണ് റോഡ്മാപ് അവതരിപ്പിച്ചത്. ആറ് വിഭാഗങ്ങളായി തിരിച്ചു 11 ഫോക്കസ് ഏരിയകളിൽ ആയുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. 2047ൽ ഇന്ത്യൻ പുരുഷ വനിതാ ടീമുകളെ ഏഷ്യയിലെ ആദ്യ 4 ടീമുകളിൽ ഒന്നാക്കുക എന്നതാണ് ലക്ഷ്യം.
2026ൽ പുരുഷ ടീമിനെ ഏഷ്യയിലെ ആദ്യ പത്തിലും, വനിതാ ടീമിനെ ആദ്യ എട്ടിലും എത്തിക്കുക ലക്ഷ്യം. വനിതാ താരങ്ങൾക്ക് തുല്യ വേതനവും, വനിതാ ഫുട്ബോൾ ക്ലബ്ബുകൾക്ക് പ്രോത്സാഹനവും നൽകും. രാജ്യത്തെ എല്ലാ ജില്ലകളിലും 50 മൈതാനങ്ങൾ വീതം 65000 മൈതാനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം എന്നും ഭാരവാഹികൾ അറിയിച്ചു.
നേരത്തെ, 2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേദിയാവാനില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ രാജ്യത്തെ ഫുട്ബോള്‍ ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. 2017 അണ്ടര്‍ 17 ലോകകപ്പിന് ഉള്‍പ്പെടെ വേദിയായിട്ടുള്ള ഇന്ത്യക്കൊപ്പം സൗദി അറേബ്യയാണ് ഏഷ്യന്‍ കപ്പിന് വേദിയൊരുക്കാന്‍ രംഗത്ത് ഉണ്ടായിരുന്നത്. ഇന്ത്യ ഒരിക്കല്‍ പോലും ഏഷ്യന്‍ കപ്പിന് വേദിയായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
എന്തുകൊണ്ടാണ് ഇന്ത്യയുടെ പിന്മാറ്റമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു. അതിനുള്ള കൃത്യമായ ഉത്തരം കൂടിയാണ് വിഷൻ 2047. ബിഗ് - ടിക്കറ്റ് ഇവന്‍റുകള്‍ക്ക് വേദിയൊരുക്കുന്നതിന് ഈ ഘട്ടത്തിൽ മുന്‍ഗണന നല്‍കുന്നില്ലെന്നാണ് ഫെഡറേഷന്‍ അന്ന് അറിയിച്ചത്. പകരം, രാജ്യത്തെ ഫുട്ബോള്‍ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഗ്രാസ് റൂട്ട് ലെവലിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നുള്ളതാണ് ലക്ഷ്യം.
ഏഷ്യൻ കപ്പ് പോലുള്ള വലിയ ഇവന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ശരിയായ ഫുട്ബോൾ ഘടനയുടെ അടിത്തറ കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്ന് എഐഎഫ്എഫ് വ്യക്തമാക്കി. ഗ്രാസ്റൂട്ട് മുതൽ യുവ ഫുട്ബോളർമാരെ വാർത്ത് എടുക്കുന്നത് വരെയുള്ള എല്ലാ തലങ്ങളിലും ഫുട്‌ബോളിനെ ശക്തിപ്പെടുത്തുന്നതിലേക്ക് ശ്രദ്ധ തിരിക്കാനാണ് നിലവിലെ പദ്ധതിയെന്ന് കല്യാൺ ചൗബേ അന്ന് ഊന്നിപ്പറഞ്ഞു. ഇപ്പോൾ വിഷൻ 2047 പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയിലാണ്.
ഡേവിഡ് ബെക്കാമിന്‍റെ പാതയില്‍ മകന്‍ റോമിയോ ബെക്കാമും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!