പുറത്താക്കും മുമ്പ് പുറത്തുപോകാന്‍ തയാറായി ഇന്ത്യൻ ഫുട്ബോള്‍ ടീം പരിശീലകൻ മനോലോ മാർക്വേസ്

Published : Jun 12, 2025, 12:59 PM IST
Manolo Marquez

Synopsis

തുടർ തോൽവികളെത്തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് മനോലോ മാർക്വേസ്.

ദില്ലി: തുടർ തോൽവികൾക്ക് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മനോലോ മാർക്വേസ്. എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തില്‍ ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഏറെ പിന്നിലുള്ള ഹോങ്കോംഗിനോട് തോറ്റതിന് പിന്നാലെയാണ് മാർക്വേസ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാർക്വേസ് ചുമതലയേറ്റ് പതിനൊന്ന് മാസത്തിനിടെ കളിച്ച പതിനാറ് മത്സരത്തിൽ ഒന്നിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്.

ചൊവ്വാഴ്ച ഹോങ്കോംഗിനെതിരായ തോല്‍വിയോടെ 2027ലെ എ എഫ് സി ഏഷ്യാ കപ്പില്‍ യോഗ്യത നേടാമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റിരുന്നു. ഇനിയുള്ള നാലു യോഗ്യതാ മത്സരങ്ങളിലും ജയിച്ചാലെ ഇന്ത്യക്ക് യോഗ്യത നേടാനാവു. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം സുനിൽ ഛേത്രിയെ കളിപ്പിക്കാതിരുന്ന മാര്‍ക്വേസിന്‍റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഇതിനിടെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ്) പ്രസിഡന്‍റ് കല്യാൺ ചൗബേ നാളെ മാധ്യമങ്ങളെ കാണുന്നുണ്ട്. മാർക്വേസിന്‍റെ ഭാവി ഈ വാർത്താസമ്മേളനത്തിൽ അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ ഇഗോര്‍ സ്റ്റിമാക്കിന്‍റെ പിന്‍ഗാമിയായാണ് ഐഎസ്എല്ലില്‍ എഫ് സി ഗോവയുടെ പരിശീലകന്‍ കൂടിയായിരുന്നു മാര്‍ക്വേസ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍.ആദ്യ സീസണില്‍ ഗോവയുടെയും ഇന്ത്യയുടെയും പരിശീലക ചുമതല ഒരുമിച്ചായിരുന്നു മാര്‍ക്വേസ് വഹിച്ചത്. 13 മാസത്തെ കരാര്‍ കൂടി ബാക്കിയിരിക്കെയാണ് മാര്‍ക്വേസ് സ്വയം പിന്‍മാറാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.

മാര്‍ക്വേസ് ചുമതലയേറ്റശേഷം ഫിഫ റാങ്കിംഗില്‍ ഇന്ത്യ 133-ാം സ്ഥാനത്തേക്ക് വീണിരുന്നു. എന്നാൽ, ഇന്ത്യൻ ഫുട്ബോളിന്‍റെ തകർച്ചയ്ക്ക് കാരണം കല്യാൺ ചൗബേ ആണെന്നും പ്രസിഡന്‍റ് രാജിവയ്ക്കണമെന്നും മുൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും