ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ചുനി ഗോസ്വാമി അന്തരിച്ചു

By Web TeamFirst Published Apr 30, 2020, 6:50 PM IST
Highlights

1956 നും 64 നും ഇടയിൽ ഇന്ത്യയ്ക്ക് വേണ്ടി 40 ലേറെ മത്സരം കളിച്ചിട്ടുള്ള ചുനി ഗോസ്വാമിക്ക് കീഴിലാണ് ഇന്ത്യ 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞത്. 1964ല്‍ ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചതും ചുനി ഗോസ്വാമിയുടെ കരിയറിലെ പൊന്‍തൂവലാണ്.

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെയാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1956 നും 64 നും ഇടയിൽ ഇന്ത്യയ്ക്ക് വേണ്ടി 50 മത്സരം കളിച്ചിട്ടുള്ള ചുനി ഗോസ്വാമിക്ക് കീഴിലാണ് ഇന്ത്യ 1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞത്. 1964ല്‍ ഏഷ്യന്‍ കപ്പില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ചതും ചുനി ഗോസ്വാമിയുടെ കരിയറിലെ പൊന്‍തൂവലാണ്. 1960ലെ റോം ഒളിംപിക്സിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു.  ക്ലബ്ബ് കരിയറില്‍ എക്കാലവും മോഹന്‍ ബഗാന്റെ വിശ്വസ്ത താരമായിരുന്ന ചുനി ഗോസ്വാമി 1954 മുതല്‍ 1968വരെ ബഗാനായി കളിച്ചു. 1960 മുതൽ 1964 വരെ മോഹൻ ബഗാന്റെ നായകനുമായി.

അടുത്തിടെ അന്തരിച്ച ഇതിഹാസ താരം പി.കെ. ബാനർജി, തുളസിദാസ് ബലറാം, ചുനി ഗോസ്വാമി എന്നിവർ ചേർന്ന മുന്നേറ്റനിര ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലത്ത് ടീമിന്റെ നട്ടെല്ലായിരുന്നു.1962ൽ ഏഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള പുരസ്കാരം ഗോസ്വാമി നേടി.1964ല്‍ തന്റെ 27-ാം വയസിലാണ് ചുനി ഗോസ്വാമി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്.

ഫുട്ബോളില്‍ മാത്രമല്ല ക്രിക്കറ്റിലും ചുനി ഗോസ്വാമിയുടെ പ്രതിഭാസ്പര്‍ശം ലോകം കണ്ടു. 1966ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഗാരി സോബേഴ്സിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരിശീലന മത്സരത്തില്‍ ഇന്നിംഗ്സ് ജയം നേടിയ കിഴക്കന്‍-മധ്യമേഖലാ സംയുക്ത ടീമില്‍ ചുനി ഗോസ്വാമി ബൗളറായി തിളങ്ങി. വിന്‍ഡീസിന്റെ  എട്ടു വിക്കറ്റുകളാണ് ഗോസ്വാമി അന്ന് എറിഞ്ഞിട്ടത്.  

1971-72 കാലഘട്ടത്തില്‍ ബംഗാള്‍ രഞ്ജി ടീമിന്റെ നായകനായും ചുനി ഗോസ്വാമി തിളങ്ങി. ചുനി ഗോസ്വാമിക്ക് കീഴില്‍ ആ  സീസണില്‍ രഞ്ജി ഫൈനലില്‍ എത്തിയ ബംഗാള്‍ ബോംബെയോട് തോറ്റു. 1962 മുതല്‍ 1973 വരെ ബംഗാളിനായി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചു. കോളജ് കാലത്ത് കൽക്കട്ട യൂണിവേഴ്സിറ്റിയുടെ ക്രിക്കറ്റ്, ഫുട്ബോൾ ടീമുകളെ ഒരേസമയത്ത് നയിച്ച് അദ്ദഹേം മികവ് കാട്ടി. 1963 ൽ അർജുന അവാർഡും 1983 ൽ പത്മശ്രീയും നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

click me!