'ഇവളാണ് ഞങ്ങളുടെ പ്രസിഡന്റ്'; ലോകകപ്പ് നേടിയ യുഎസ് വനിതാ ടീമിനെ അഭിനന്ദിച്ച ട്രംപിനെ ട്രോളി ആരാധകര്‍

Published : Jul 08, 2019, 06:14 PM ISTUpdated : Jul 08, 2019, 07:15 PM IST
'ഇവളാണ്  ഞങ്ങളുടെ പ്രസിഡന്റ്'; ലോകകപ്പ് നേടിയ യുഎസ് വനിതാ ടീമിനെ അഭിനന്ദിച്ച ട്രംപിനെ ട്രോളി ആരാധകര്‍

Synopsis

സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള റാപിനോ  ട്രംപ് സർക്കാരിന്റെ നിലപാടുകൾ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരാണെന്നും, സ്ത്രീവിരുദ്ധമാണെന്നും, വംശീയ വെറി ഉണ്ടാകുന്നതാണെന്നും പരസ്യ നിലപാടെടുത്ത വ്യക്തിയുമാണ്.

ന്യൂയോര്‍ക്ക്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ നാലാം തവണയും കിരീടം നേടിയ അമേരിക്കന്‍ ടീമിനെ അഭിനന്ദിച്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ആരാധകരുടെ വക പൊങ്കാല. ഇന്നലെ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഇതിന് പിന്നാലെയായിരുന്നു ട്വിറ്ററിലൂടെ ട്രംപിന്റെ അനുമോദനം. ലോകകപ്പ് നേട്ടത്തില്‍ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീമിന് അഭിനന്ദനം. നിങ്ങള്‍ മനോഹരമായി കളിച്ചു. നിങ്ങളെയോര്‍ത്ത് അമേരിക്കന്‍ ജനത അഭിമാനം കൊള്ളുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ലോകകപ്പ് നേട്ടത്തില്‍ ടീമിനെ അഭിനന്ദിച്ച പ്രസിഡന്റിന് എന്തിനാണ് അരാധകര്‍ പൊങ്കാലയിടുന്നത് എന്നറിയണമെങ്കില്‍ അല്‍പം പിന്നിലോട്ട് പോവണം. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ജൂണിലായിരുന്നു അമേരിക്കയുടെ ദേശീയ ഗാനം പാടില്ലെന്നും കിരീടം നേടിയാല്‍ വൈറ്റ് ഹൗസിലെ അത്താഴവിരുന്നിന് പോവില്ലെന്നും ടീം ക്യാപ്റ്റനായ മെഗന്‍ റാപിനോ പരസ്യമായി പ്രഖ്യാപിച്ചത്. ടീം അംഗങ്ങളും റാപിനോയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

വെറുതെയങ്ങ് പ്രഖ്യാപിക്കുകയായിരുന്നില്ല റാപിനോ. സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള റാപിനോ  ട്രംപ് സർക്കാരിന്റെ നിലപാടുകൾ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരാണെന്നും, സ്ത്രീവിരുദ്ധമാണെന്നും, വംശീയ വെറി ഉണ്ടാക്കുന്നതാണെന്നും തുറന്നു പറഞ്ഞ വ്യക്തിയുമാണ്. അതുകൊണ്ടുതന്നെയാണ് വൈറ്റ് ഹൗസിലെ അത്താഴവിരുന്നിന് പോവില്ലെന്ന് അവര്‍ നിലപാടെടുത്തത്. ബാസ്കറ്റ് ബോള്‍ താരമായ സ്യൂ ബേര്‍ഡ് ആണ് റാപിനോയുടെ പ്രണിയിനി. റാപിനോയുടെ പ്രസ്താവന ദേശവിരുദ്ധമാണെന്നും ആദ്യം ഏല്‍പ്പിച്ച പണി ചെയ്യൂ എന്നിട്ട് സംസാരിക്കൂ എന്നുമായിരുന്നു അന്ന് ട്രംപ് നല്‍കിയ മറുപടി.

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാടെടുത്തിട്ടുള്ള റാപിനോ ലിംഗ സമത്വത്തിനും സ്വവര്‍ഗാനുരാഗികള്‍ക്കും വേണ്ടി രംഗത്തുവന്നതിന് പിന്നാലെ, ഈ വർഷം മാർച്ചിൽ പുരുഷ താരങ്ങള്‍ക്കൊപ്പം വനിതാ താരങ്ങളുടെയും  വേതനത്തില്‍ തുല്യത വരുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് സോക്കർ ഫെഡറേഷനെതിരെ കേസ് കൊടുക്കാനും ധൈര്യം കാട്ടി. കഴിഞ്ഞവര്‍ഷം കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ധനസമാഹരണത്തിനായും റാപിനോ മുന്നിട്ടിറങ്ങിയിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളോടുള്ള എതിര്‍പ്പ് പരസ്യമാക്കിയതിന്റെ പേരില്‍ ദേശവിരുദ്ധയെന്ന് മുദ്രകുത്തിയവര്‍ക്ക് റാപിനോ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.

രാഷ്ട്രീയ നിലപാടുകള്‍ എന്നും ശക്തമായി തുറന്നു പറയാന്‍ ധൈര്യം കാട്ടിയിട്ടുള്ള റാപിനോയില്‍ അതുകൊണ്ടുതന്നെ ആരാധകര്‍ അടുത്ത പ്രസിഡന്റിനെ കാണുന്നു. അതുകൊണ്ടാണ് ട്രംപിന്റെ അഭിനന്ദന ട്വീറ്റിന് താഴെ അവര്‍ ഇത് ഞങ്ങളുടെ പ്രസിഡന്റ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ലോകകപ്പ് നേട്ടത്തിനുശേഷം റാപിനോയുടെ ട്വീറ്റും ശ്രദ്ധേയമായിരുന്നു.

ട്രംപ് ഈ വിഷയത്തെ എങ്ങിനെ നേരിടും എന്നാണ് അമേരിക്കന്‍ ജനത ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച