'വെല്ലുവിളികളോട് പൊരുതി നേടിയ ജയം'; ബെല്‍ജിയത്തെ സമനിലയില്‍ തളച്ചതിന് പിന്നാലെ ഇറാന്‍ കോച്ച് ഖലേനോയി

Published : Jun 22, 2026, 04:28 PM IST
Belgium vs Iran

Synopsis

ലോകകപ്പിൽ ബെൽജിയത്തിനെതിരെ ഗോൾരഹിത സമനില നേടിയ ഇറാൻ ടീമിനെ പരിശീലകൻ അമീർ ഖലേനോയി പ്രശംസിച്ചു. കടുത്ത യാത്രാക്ലേശങ്ങളും മറ്റ് വെല്ലുവിളികളും അതിജീവിച്ചാണ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ സമനിലയോടെ രണ്ട് പോയിന്റുമായി ഇറാൻ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി നിർത്തി.

ലോസ് ഏഞ്ചല്‍സ്: ലോകകപ്പ് ഫുട്‌ബോളില്‍ ബെല്‍ജിയത്തിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില പിടിച്ചെടുത്ത ഇറാന്‍ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി പരിശീലകന്‍ അമീര്‍ ഖലേനോയി. ലോകകപ്പിന് മുന്നോടിയായി നേരിടേണ്ടി വന്ന ഏറ്റവും മോശം സാഹചര്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചാണ് തന്റെ കളിക്കാര്‍ മനോഹരമായ കളി പുറത്തെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 2-2 സമനില വഴങ്ങിയ ഇറാന്‍, രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തുന്നു.

കടുത്ത യാത്രാക്ലേശവും പ്രതിസന്ധികളും

ടീമിന്റെ യാത്രയും തയ്യാറെടുപ്പുകളും അതീവ ദുഷ്‌കരമായിരുന്നുവെന്ന് ഖലേനോയി വ്യക്തമാക്കി. വിസ സംബന്ധമായ സങ്കീര്‍ണ്ണതകളും പരിമിതമായ സമയം മാത്രം ലഭിച്ച തയ്യാറെടുപ്പുകളും ടീമിനെ വല്ലാതെ ബാധിച്ചിരുന്നു. മെക്‌സിക്കോയിലെ തിജുവാനയില്‍ തങ്ങുന്ന ഇറാന്‍ ടീം ശനിയാഴ്ച രാത്രിയാണ് അമേരിക്കയിലെത്തിയത്. ഞായറാഴ്ച ബെല്‍ജിയത്തിനെതിരെ കളിച്ചു, അന്ന് തന്നെ മെക്‌സിക്കോയിലേക്ക് മടങ്ങുകയും ചെയ്തു.

കോച്ചിന്റെ വാക്കുകള്‍... ''ഞങ്ങള്‍ രണ്ട് മികച്ച മത്സരങ്ങള്‍ കളിച്ചു, ഒന്നുപോലും തോറ്റില്ല. 16 മണിക്കൂര്‍ യാത്ര, രണ്ട് വിമാനയാത്രകള്‍, അതിനുശേഷം കടുപ്പമേറിയ മത്സരം. ഇതൊന്നും ആര്‍ക്കും താങ്ങാവുന്നതല്ല. എന്റെ കളിക്കാര്‍ തങ്ങളാലാവുന്നത് നല്‍കി.'' അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സിയാറ്റിലില്‍ വെച്ച് നടക്കുന്ന ഈജിപ്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുന്‍പ് താരങ്ങള്‍ക്ക് വിശ്രമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങളെ തടഞ്ഞ ഗോള്‍കീപ്പര്‍ അലിറേസ ബെയ്റന്‍വാന്ദിനെ പരിശീലകനും താരങ്ങളും അഭിനന്ദിച്ചു. കെവിന്‍ ഡി ബ്രുയ്നെയുടെ ക്രോസുകള്‍ ഉള്‍പ്പെടെ തടുത്ത് നിര്‍ത്തി ടീമിന് ഒരു വിലപ്പെട്ട പോയിന്റ് നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഇറാന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്ന് ഖലേനോയി വിശേഷിപ്പിച്ചു.

ഒത്തൊരുമയുടെ കരുത്ത്

പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങളുടെ ടീം കൂടുതല്‍ കരുത്തോടെ തിരിച്ചുവരാറുണ്ടെന്ന് വിംഗര്‍ അലിറേസ ജഹാന്‍ബക്ഷ് അഭിപ്രായപ്പെട്ടു. ''ഏതൊരു ടീമിനും ലഭിക്കുന്നതുപോലെയുള്ള നീതിയുക്തമായ സാഹചര്യങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ ബുദ്ധിമുട്ടുകള്‍ ടീമിനെ കൂടുതല്‍ ഒത്തൊരുമയുള്ളതാക്കി. അതാണ് ഇന്നത്തെ കളിയില്‍ ഞങ്ങള്‍ കാണിച്ചത്.'' അദ്ദേഹം പറഞ്ഞു.

70,317 കാണികള്‍ സാക്ഷ്യം വഹിച്ച സോഫി സ്റ്റേഡിയത്തില്‍ ഇറാന്‍ ആരാധകരുടെ വന്‍ പിന്തുണയും താരങ്ങള്‍ക്ക് ആവേശമായി. ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കാന്‍ ഈജിപ്തിനെതിരായ അവസാന മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ഇറങ്ങുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചരിത്ര നേട്ടത്തിനരികെ കേപ് വെര്‍ദെ; സൗദി അറേബ്യയെ ജാഗ്രതയോടെ കാണുന്നുവെന്ന് കോച്ച് ബുബിസ്റ്റ
ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് ഈജിപ്ത്; സവിശേഷ വിജയത്തില്‍ നിര്‍ണായകമായത് കോച്ചിന്റെ വാക്കുകള്‍