യുഎസ് യാത്രാ നിയന്ത്രണങ്ങള്‍: ഫിഫയ്ക്ക് ഔദ്യോഗിക പരാതി നല്‍കാനൊരുങ്ങി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

Published : Jun 19, 2026, 06:15 PM IST
Iran Football World Cup

Synopsis

ഫിഫ ലോകകപ്പിനിടെ അമേരിക്കയിൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾ നേരിടുന്നുവെന്ന് ആരോപിച്ച് ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ ഫിഫയ്ക്ക് പരാതി നൽകാനൊരുങ്ങുന്നു. ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കുന്ന തരത്തിൽ യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന അഭ്യർത്ഥനകൾ അധികൃതർ നിരസിച്ചതാണ് പരാതിക്ക് കാരണം.

ലോസ് ഏഞ്ചലസ്: ഫിഫ ലോകകപ്പിനിടെ തങ്ങളുടെ ദേശീയ ടീമിന് അമേരിക്കയില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് ആരോപിച്ച് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് ഔദ്യോഗിക രാതി നല്‍കാനൊരുങ്ങുന്നു. ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കുന്ന തരത്തില്‍, യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അധികൃതര്‍ നിരസിച്ചതായാണ് ഇറാന്റെ ആരോപണം. വരുന്ന ഞായറാഴ്ച ലോസ് ഏഞ്ചലസില്‍ ബെല്‍ജിയത്തിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് പുതിയ പ്രതിസന്ധി ഉടലെടുത്തതെന്ന് ഇറാന്‍ ഫെഡറേഷന്‍ വ്യക്തമാക്കുന്നു.

പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും കളിക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി, മത്സരത്തിന് രണ്ട് ദിവസം മുമ്പ് കാലിഫോര്‍ണിയയിലേക്ക് യാത്ര ചെയ്യാന്‍ ഇറാന്‍ അനുമതി തേടിയിരുന്നു. ഇറാന്‍ ഫെഡറേഷന്‍ വക്താവ് വിശദീകരിക്കുന്നതിങ്ങനെ... ''ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പ് ഷെഡ്യൂള്‍ വളരെ നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നിട്ടും, ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീമിന് സംഘാടകര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വീണ്ടും നേരിടേണ്ടി വന്നിരിക്കുകയാണ്. ഇത് സാങ്കേതിക സമിതിയുടെ ആസൂത്രണങ്ങളെ ബാധിച്ചു. ലൊസാഞ്ചലസില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം നടക്കുന്നത് എന്നതിനാല്‍, മത്സരത്തിന് രണ്ട് ദിവസം മുമ്പ് ടീമിനെ ലൊസാഞ്ചലസിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കളിക്കാര്‍ക്ക് മത്സര സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അവസാന പരിശീലന സെഷന്‍ പൂര്‍ത്തിയാക്കാനും വേണ്ടിയായിരുന്നു ഇത്. ഫെഡറേഷന്‍ വ്യക്തമായ സാങ്കേതിക കാരണങ്ങള്‍ നിരത്തിയിട്ടും ഈ അഭ്യര്‍ത്ഥന വീണ്ടും നിരസിക്കപ്പെടുകയാണുണ്ടായത്.'' അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിന് ശേഷം യാത്ര ചെയ്യുന്നതിന് മുന്‍പ് കളിക്കാരുടെ ശാരീരിക വീണ്ടെടുക്കലിനായി രാത്രി അവിടെത്തന്നെ താമസിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് കരുതിയതെന്ന് ഇറാന്‍ മുഖ്യ പരിശീലകന്‍ അമീര്‍ ഗാലെനോയി നിരാശയോടെ പ്രതികരിച്ചു. ''ഇന്നത്തെ മത്സരം കഴിഞ്ഞയുടന്‍ അവര്‍ ഞങ്ങളോട് പറഞ്ഞത് 'നിങ്ങള്‍ ഉടന്‍ തന്നെ ഇവിടെനിന്ന് പോകണം' എന്നാണ്. എന്നാല്‍ കളിക്കാര്‍ക്ക് വിശ്രമവും റിക്കവറിയും വളരെ പ്രധാനപ്പെട്ടതാണ്.'' മത്സരത്തിന് ശേഷം ഗാലെനോയി പറഞ്ഞു.

എന്തുകൊണ്ടാണ് ഇറാന്‍ യാത്രാ നിയന്ത്രണങ്ങള്‍ നേരിടുന്നത്?

അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം മാസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇറാന്‍ ലോകകപ്പില്‍ പങ്കെടുക്കാനെത്തിയത്. കടുത്ത ആശങ്കകള്‍ നിലനിന്നിരുന്നിട്ടും, ടൂര്‍ണമെന്റില്‍ ഇടംപിടിച്ച ഇറാന്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 2-2 ന് സമനില വഴങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ മൈതാനത്തെ കളികളില്‍ നിന്ന് മാറി മൈതാനത്തിന് പുറത്തെ തര്‍ക്കങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇറാന്‍ ഫെഡറേഷന്‍ തങ്ങളുടെ പരാതികള്‍ ഫിഫയ്ക്ക് മുന്നില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'യുണൈറ്റഡിൽ മികച്ച പ്രകടനം, പോർച്ചുഗലിൽ എത്തുമ്പോൾ നിരാശപ്പെടുത്തുന്നു'; ബ്രൂണോയെ വിമർശിച്ച പോസ്റ്റിന് ലൈക്കടിച്ച് റൊണാൾഡോയുടെ സഹോദരി
'മെസി കരഞ്ഞതിന് പിന്നിലെ കാരണം അതാണ്..'; ഒടുവിൽ വെളിപ്പെടുത്തി കുടുംബം