സ്ഥാനം സംരക്ഷിക്കാൻ പിന്തുണ തേടി ട്രംപിനെ ഫോണിൽ ബന്ധപ്പെടാൻ ഇൻഫാന്‍റിനോ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ന്യൂയോർക്ക്: സൂറിച്ച്: ലോകകപ്പ് ഫുട്ബോളിന്‍റെ വാണിജ്യാവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് വിൽക്കാനുള്ള വിവാദ പദ്ധതി തകർന്നടിഞ്ഞതോടെ, ഫിഫ പ്രസിഡന്‍റ് പദവി സംരക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സഹായം തേടി ജിയാനി ഇൻഫാന്‍റിനോ. സ്ഥാനം നിലനിർത്താൻ സഹായിക്കണണമെന്ന് ഇൻഫാന്‍റിനോ ട്രംപിനോട് ആവശ്യപപെട്ടതായി അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്തുവന്നതോടെ ആഗോള ഫുട്ബോൾ ലോകത്ത് ഇൻഫാന്‍റിനോയ്ക്കെതിരെയുള്ള പ്രതിഷേധം വീണ്ടും ശക്തമായി.
സ്ഥാനം സംരക്ഷിക്കാൻ പിന്തുണ തേടി ട്രംപിനെ ഫോണിൽ ബന്ധപ്പെടാൻ ഇൻഫാന്‍റിനോ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.തുടർന്നാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിക്കാൻ ഇൻഫാന്റിനോ സമയം ചോദിച്ചിരുന്നു. അമേരിക്കയുടെ 'സോഫ്റ്റ് പവർ' വളർത്താൻ ഫുട്ബോളിനെ എങ്ങനെ ഉപയോഗിക്കാം എന്ന് ചർച്ച ചെയ്യാനാണ് മാർക്കോ റൂബിയോയുമായി ചർച്ച തടത്തുന്നതെന്ന് ഇൻഫാന്‍റിനോ വാദിക്കുന്നുണ്ടെങ്കിലും, ഇത് വെറും കസേര സംരക്ഷണത്തിനായുള്ള നീക്കമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു.അതേസമയം, മാർക്കോ റൂബിയോയുമായി ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഡൈലൻ ജോൺസൺ എക്സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
ലോകകപ്പും മറ്റ് പ്രധാന ടൂർണമെന്‍റുകളും നിയന്ത്രിക്കാൻ പുതിയൊരു വാണിജ്യ കമ്പനി രൂപീകരിച്ച്, അതിന്‍റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനായിരുന്നു ഇൻഫാന്‍റിനോ ലക്ഷ്യമിട്ടത്. ഡൊണാൾഡ് ട്രംപിന്‍റെ മരുമകനായ ജാറെദ് കുഷ്നറുടെ സഹോദരൻ ജോഷ് കുഷ്നറുടെ ഉടമസ്ഥതയിലുള്ള 'ത്രൈവ് ക്യാപിറ്റൽ' എന്ന ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിക്കാണ് ഫിഫ ഓഹരികൾ നൽകാൻ തീരുമാനിച്ചിരുന്നത്. ഇതിലൂടെ 4.2 ബില്യൺ യു.എസ് ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) സമാഹരിക്കാനായിരുന്നു നീക്കം. എന്നാൽ, ഈ തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും ശക്തമായി രംഗത്തുവന്നു. ഫുട്ബോളിന്‍റെ ആത്മാവിനെ കച്ചവടത്തിന് വെക്കുന്നുവെന്നും അംഗരാജ്യങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും ആരോപിച്ചാണ് യുവേഫ ഇൻഫാന്‍റിനോയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തിയത്.
സ്വകാര്യ നിക്ഷേപ പദ്ധതി തകർന്നടിയുകയും ട്രംപ് ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിത പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തതോടെ, ഇൻഫാന്‍റിനോയുടെ ഫിഫ പ്രസിഡന്‍റ് പദവിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2027 മുതൽ 2031 വരെയുള്ള അടുത്ത കാലാവധിയിൽക്കൂടി ഫിഫ പ്രസിഡന്‍റായി തുടരാൻ പദ്ധതിയിട്ടിരുന്ന ഇൻഫാന്‍റിനോയ്ക്കെതിരെ യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ രാജ്യങ്ങൾ നിലപാട് കടുപ്പിക്കുകയാണ്. ഫുട്ബോൾ ലോകത്ത് തനിച്ചായ ഇൻഫാന്‍റിനോയ്ക്ക് വരും ദിവസങ്ങളിൽ ഫിഫ ആസ്ഥാനത്ത് നിന്ന് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
