
കൊച്ചി: സൂപ്പര്‍ കപ്പില്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ്ബ് വിട്ടു. ഈ സീസണോടെ അവസാനിച്ച ഇഷ്ഫാഖുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മൂന്നുവർഷം ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇഷ്ഫാഖ് നാലുവർഷമായി സഹപരിശീലകനായി പ്രവർത്തിക്കുക ആയിരുന്നു.
ഇഷ്ഫാഖിന്‍റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ ബ്ലാസ്റ്റേഴ്സ്, ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ സഹപരിശീലകനെ ക്ലബ്ബ് ഉടൻ പ്രഖ്യാപിക്കും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ടെക്‌നിക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഇഷ്ഫാഖ് അഹമ്മദ്.
2015ല്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരവും സഹ പരിശീലകുമായിരുന്ന ഇഷ്ഫാഖ് 2017ൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ സ്റ്റീവ് കോപ്പലിന്‍റെ കീഴിൽ ജംഷഡ്‌പൂര്‍ എഫ് സിയുടെ സഹപരിശീലകനായി പോയിരുന്നു. പിന്നീട് 2019ൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സഹപരിശീലക സ്ഥാനത്തേക്ക് ഇഷ്ഫാഖ് തിരികെയെത്തി. നാലു വര്‍ഷത്തോളം ടീമിന്‍റെ സഹപരിശീലകനായി.
ഐഎസ്എല്ലില്‍ പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ സെമിയിലെത്താനായിരുന്നില്ല. ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ ഓഫ് മത്സരം സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കേരളാ ബ്ലാസ്റ്റേഴ്സിന് പിഴയും പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ഐഎസ്എല്ലിന് പിന്നാലെ നടന്ന സൂപ്പര്‍ കപ്പില്‍ വുകാമനോവിച്ചിന്‍റെ അഭാവത്തില്‍ ഇഷ്ഫാഖാണ് ടീമിനെ പരിശീലിപ്പിച്ചത്. എന്നാല്‍ സൂപ്പര്‍ കപ്പിലും സെമിയിലെത്താതെ ബ്ലാസ്റ്റേഴ്സ് പുറത്തായി. സെമിയിലെത്താല്‍ ജയം അനിവാര്യമായ മത്സരത്തില്‍ ബെംഗലൂരുവിനോട് സമനില വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്.