Asianet News MalayalamAsianet News Malayalam

മെസി മാത്രമല്ല, നെയ്മറേയും തിരിച്ചെത്തിക്കാന്‍ ബാഴ്‌സ! മെസി-ലെവ-നെയ്മര്‍ കൂട്ടുകെട്ട് സ്വപ്‌നം കണ്ട് ആരാധകര്‍

എല്ലാവരെയും ഞെട്ടിച്ചായിരുന്നു 2017ല്‍ അന്നത്തെ റെക്കോര്‍ഡ് പ്രതിഫലത്തിന് നെയ്മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. പരിക്കും കിലിയന്‍ എംബപ്പെയുടെ ഉദയവുമെല്ലാം കൊണ്ട് നെയ്മര്‍ക്ക് ഈ കൂടുമാറ്റം അത്ര ഗുണകരമായില്ല.

Barcelona target neymar jr ahead of amid transfer rumours saa
Author
First Published Apr 18, 2023, 11:06 AM IST

ബാഴ്‌സലോണ: വരുന്ന സീസണില്‍ ലിയോണല്‍ മെസിക്കൊപ്പം നെയ്മറിനെയും ക്ലബില്‍ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി ബാഴ്‌സലോണ. കോച്ച് സാവിയുടെ താല്‍പര്യപ്രകാരമാണ് നെയ്മറെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറുടെ ക്ലബ് തലത്തിലെ സുവര്‍കാലഘട്ടമേതെന്ന് ചോദിച്ചാല്‍ ബാഴ്‌സലോണക്കൊപ്പമെന്ന് നിസംശയം പറയാം. 186 മത്സരങ്ങളില്‍ നിന്നായി അടിച്ചു കൂട്ടിയത് 105 ഗോളുകള്‍. മെസി നെയ്മര്‍ സുവാരസ് ത്രയം ബാഴ്‌സലോണയ്ക്ക് സാധ്യമായ കിരീടങ്ങളെല്ലാം സമ്മാനിച്ചു.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചായിരുന്നു 2017ല്‍ അന്നത്തെ റെക്കോര്‍ഡ് പ്രതിഫലത്തിന് നെയ്മര്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെത്തിയത്. പരിക്കും കിലിയന്‍ എംബപ്പെയുടെ ഉദയവുമെല്ലാം കൊണ്ട് നെയ്മര്‍ക്ക് ഈ കൂടുമാറ്റം അത്ര ഗുണകരമായില്ല. ഇതോടെ ഈ സീസണിനൊടുവില്‍ താരം ക്ലബ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയാണ് നേയ്മര്‍ക്കായി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറകോട്ട് പോയെന്നാണ് പ്രശ്‌സത മാധ്യമ പ്രവര്‍ത്തകന്‍ ഫബ്രിസിയോ റൊമാനോ പറയുന്നത്.

ഇതോടെയാണ് ബാഴ്‌സലോണ ശ്രമം തുടങ്ങിയത്. പിഎസ്ജിയില്‍ നിന്ന് ലിയോണല്‍ മെസിക്കൊപ്പം നെയ്മറെയും ടീമിലെത്തിക്കാനാണ് ശ്രമം. കോച്ച് സാവിയുടെ താല്‍പര്യപ്രകാരമാണ് ബാഴ്‌സയുടെ നീക്കം. മെസി ബാഴ്‌സലോണയിലേക്ക് തിരികെ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നെയ്മറെ കൂടി കിട്ടിയാല്‍ ബാഴ്‌സലോണയ്ക്കും തങ്ങളുടെ സുവര്‍ണകാലഘട്ടത്തിലേക്ക് മടങ്ങിപ്പോകാം.

മുന്നറിയിപ്പുമായി കോച്ച് സാവി

കോപ്പ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിനോട് തകര്‍ന്നടിഞ്ഞതിന് ശേഷം ബാഴ്‌സലോണയ്ക്ക് ഒറ്റഗോള്‍ നേടാനായിട്ടില്ല. റയലിനോട് നാല് ഗോളിന് തകര്‍ന്ന ബാഴ്‌സ ലാ ലിഗയില്‍ ജിറോണയോടും ഗെറ്റാഫെയോടും ഗോള്‍രഹിത സമനില വഴങ്ങി. ഗോള്‍ അകന്നതോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള റയലുമായുള്ള ബാഴ്‌സയുടെ വ്യത്യാസം 11 പോയിന്റായി കുറഞ്ഞു. ഇതോടെ താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് സാവി. ഉണര്‍ന്ന് കളിച്ചില്ലെങ്കില്‍ കിരീടം കൈവിട്ടുപോകുമെന്നും ഇനിയും ഗോളടിക്കാതെ, വിജയവഴിയില്‍ തിരിച്ചെത്താതെ മുന്നോട്ട് പോകാനാവില്ലെന്നും സാവി പറഞ്ഞു. 

പ്രധാനതാരങ്ങളുടെ പരിക്കും ആശങ്കയാണ്. ഞായറാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായാണ് ബാഴ്‌സയുടെ അടുത്തമത്സരം. സ്വന്തംകാണികള്‍ക്ക് മുന്നില്‍ കാംപ്നൗവിലാണ് കളിക്കുന്നതെങ്കിലും ലീഗിലെ മൂന്നാംസ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എളുപ്പത്തില്‍ കീഴടക്കാന്‍ ബാഴ്‌സയ്ക്ക് കഴിയില്ല 29 കളിയില്‍ 73 പോയിന്റുമായാണ് ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമതുള്ള റയലിന് 62ഉം മൂന്നാമതുള്ള അത്‌ലറ്റിക്കോയ്ക്ക് 60ഉം പോയിന്റാണുള്ളത്. 2019ന് ശേഷമുള്ള ആദ്യകിരീടമാണ് ബാഴ്‌സയുടെ ലക്ഷ്യം.

അടിമുടി മാറ്റത്തിനൊരുങ്ങി ഡല്‍ഹി കാപിറ്റല്‍സ്! റിക്കി പോണ്ടിംഗ് ഉള്‍പ്പെടെ പലര്‍ക്കും സ്ഥാനം നഷ്ടമായേക്കും

Follow Us:
Download App:
  • android
  • ios