ഛേത്രി vs ഗ്യാന്‍; കിരീടം നിലനിര്‍ത്താനിറങ്ങുന്ന ബെംഗളൂരുവിനെ പൂട്ടാന്‍ നോര്‍ത്ത് ഈസ്റ്റ്

By Web TeamFirst Published Oct 21, 2019, 12:44 PM IST
Highlights

സുനില്‍ ഛേത്രിയും അസമോവ ഗ്യാനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാകും മത്സരം

ബെംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്‌സി ഇന്നിറങ്ങുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. സുനില്‍ ഛേത്രിയും അസമോവ ഗ്യാനും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാകും മത്സരം. 

ബെംഗളൂരുവിനെതിരായ മത്സരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അത്ര എളുപ്പമാകില്ല. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ നോര്‍ത്ത് ഈസ്റ്റിന് മടക്ക ടിക്കറ്റ് കൊടുത്ത ടീമാണ് ബെംഗലൂരു എഫ്‌സി. നായകന്‍ സുനില്‍ ഛേത്രി, ഗുര്‍പ്രീത് സിംഗ്, ഉദാന്ത സിംഗ്, ആഷിഖ് കുരുണിയന്‍, രാഹുല്‍ ബേക്കേ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ബെംഗളൂരുവിന്‍റെ കരുത്ത് കൂട്ടുന്നു.

ഗാന ഇതിഹാസം അസമോവ ഗ്യാനിന്‍റെ സാന്നിധ്യമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ കരുത്ത്. ഉറുഗ്വെ താരം മാര്‍ട്ടിന്‍ ഷാവെസ്, അര്‍ജന്‍റീനന്‍ താരം മാക്‌സിമിലിയാനോ ബറീറോ എന്നിവരും ഗ്യാനിനൊപ്പം മുന്നേറ്റനിരയില്‍ കരുത്തുപകരുമെന്നാണ് പ്രതീക്ഷ. ഐഎസ്എല്ലിലെ ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരുപിടി യുവ താരങ്ങളുടെ സാന്നിധ്യവും ബഞ്ചില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ കരുത്താണ്. 

കണക്കിലെ കരുത്തര്‍ ബെംഗളൂരു എഫ്‌സി

പുതിയ പരിശീലകന്‍ റോബര്‍ട്ട് ജര്‍ണിക്ക് കീഴിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇറങ്ങുന്നത്. ഇരു ടീമുകളും നേരത്തെ ആറ് തവണ മുഖാമുഖം വന്നപ്പോള്‍ നാല് ജയം ബെംഗളൂരു എഫ്‌ക്കായിരുന്നു. ഒരു മത്സരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലായി. ആറ് മത്സരത്തില്‍ 10 ഗോളുകള്‍ ബെംഗളൂരു അടിച്ചുകൂട്ടിയപ്പോള്‍ അഞ്ചെണ്ണം മാത്രമാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്.

click me!