
കൊച്ചി: ഐഎസ്‌എല്ലിൽ എഫ്‌സി ഗോവയെ നേരിടാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പരുക്ക് ടീമിന്റെ പ്രകടനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഗോവക്കെതിരെ ഇന്ന് അതെല്ലാം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീമിലെ മലയാളി ഗോൾകീപ്പർ ടി പി രഹ്നേഷ്.
"വളരെ പ്രാധാന്യമുള്ള മത്സരമാണ് എഫ്‌സി ഗോവക്കെതിരെ. കാരണം, നമ്മള്‍ നന്നായി കളിക്കുന്നുണ്ടെങ്കിലും മത്സരഫലം അനുകൂലമല്ല. തിരിച്ചുവരവിന് മത്സരം നിര്‍ണായകമാണ്. ഗോവ ശക്തമായ ടീമാണ്. കഴിഞ്ഞ എല്ലാ സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തവരാണ്. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ച ഏതാണ്ട് അതേ ടീമിനെ ഗോവ നിലനിര്‍ത്തിയിട്ടുണ്ട്. ഗോവ വെല്ലുവിളിയാണ്. എന്നാല്‍, ബെംഗളൂരുവിനെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍.
പരിശീലകന്‍റെ തന്ത്രങ്ങള്‍ ഫലിക്കുന്നുണ്ട്. പോസിറ്റീവായാണ് മത്സരത്തെ ടീം കാണുന്നത്. കഠിനപ്രയത്നത്തിലൂടെ പരുക്കിനെയെല്ലാം മറികടക്കാനാണ് ശ്രമം. മത്സരഫലത്തിന് വേണ്ടി കളിക്കുക എന്നതുമാത്രമാണ് മുന്നിലുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് നാട്ടിലെത്താനായതും ആരാധക പിന്തുണയും സന്തോഷം നല്‍കുന്നു" എന്നും രഹ്നേഷ് കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് 7.30ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ്-ഗോവ മത്സരം. പരുക്കും അച്ചടക്ക നടപടിയും കാരണം പ്രമുഖരില്ലാതെയാകും ഇരു ടീമുകളും കൊച്ചിയിൽ മത്സരത്തിനിറങ്ങുക. ക്യാപ്റ്റൻ ഒഗ്‌ബച്ചേയ്‌ക്കും താളം കണ്ടെത്താനുമാകാതെ വന്നതോടെ അഞ്ച് കളികളിൽ നിന്ന് നാല് പോയിന്‍റ് സമ്പാദ്യവുമായി ഒന്‍പതാം സ്ഥാനാത്താണ് ബ്ലാസ്റ്റേഴ്‌സ്.