ബ്ലാസ്‌റ്റേഴ്‌സ് നമ്മുടെ ചങ്കാണ്...എങ്ങും പോകില്ല!

By Web TeamFirst Published Oct 31, 2019, 4:58 PM IST
Highlights

സ്റ്റേഡിയത്തിലെ വിനോദനികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഇവിടെ തുടരൂ എന്നുള്ള കര്‍ശന നിലപാട് മാനേജ്‌മെന്റ് സ്വീകരിച്ചതായാണ് സൂചന. അങ്ങനെയെങ്കില്‍ അക്കാര്യത്തിലും സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും.  

കൊച്ചി: "നെഞ്ചോടു ചേര്‍ത്ത ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്, നമ്മുടെ ചങ്കാണ്. അതിനെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ നാം തയാറാകില്ല". കൊച്ചിയിലെ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും കോര്‍പറേഷന്റെയും നിസഹകരണത്തെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട് വന്നതോടെ ആത്മവിശ്വസത്തോടെ ആരാധകര്‍ പറയുന്നത് ഇങ്ങനെയായിരുന്നു. എന്നാല്‍, അങ്ങനെയൊരു ഉറപ്പ് മനസിലുണ്ടെങ്കിലും സംഗതി ഗൗരവമേറിയ വിഷയം തന്നെയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പോയേനെ. അത്ര സങ്കീര്‍ണമായിരുന്നു കാര്യങ്ങള്‍. 

സംസ്ഥാന കായിക മന്ത്രിയും മുഖ്യമന്ത്രിയും വിഷയത്തിലിടപെട്ടില്ലായിരുന്നെങ്കില്‍ നമ്മുടെ ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍നിന്ന് ഓടിപ്പോകേണ്ടിവരുമായിരുന്നു. എന്തായാലും സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരിക്കുന്നു. ആരാധകര്‍ക്കും ആശ്വസിക്കാം. എന്നാല്‍, ചെറിയ പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. സ്റ്റേഡിയത്തിലെ വിനോദനികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഇവിടെ തുടരൂ എന്നുള്ള കര്‍ശന നിലപാട് മാനേജ്‌മെന്റ് സ്വീകരിച്ചതായാണ് സൂചന. അങ്ങനെയെങ്കില്‍ അക്കാര്യത്തിലും സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും.  

ആശങ്കകള്‍ക്ക് വിരാമമിടാന്‍ സര്‍ക്കാര്‍ ഇടപെടല്‍

നേരത്തേ, ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്സ് കേരളയ്‌ക്കും ഇതേ സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. അന്നും വലിയ വിനോദനികുതി കൊച്ചി കോര്‍പറേഷനു നല്‍കേണ്ടിവന്നു എന്ന കാരണത്താലാണ് അവരും കൊച്ചി വിട്ടത്. ബ്ലാസ്റ്റേഴ്സും സമാനവഴിയിലാണെന്ന സൂചനയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടത്. ഐഎസ്എല്‍ കൊച്ചിയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാരെടുക്കുമെന്ന് ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നു എന്ന വാര്‍ത്ത ആരാധകരില്‍ വലിയ അമ്പരപ്പാണുണ്ടാക്കിയത്.                                                                                                                                                                                  

എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍നിന്നും സൗജന്യ പാസിനായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനു ദഹിച്ചില്ല. ചോദിക്കുന്നത്ര സൗജന്യപാസ് നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കുന്നരീതിയിലാണ് വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഇടപെട്ടതെന്ന് ടീം ആരോപിച്ചു. അടുത്ത സീസണില്‍ മറ്റേതെങ്കിലും നഗരത്തിലേക്ക് മാറാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആലോചന. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആരാധകരുള്ള ഐഎസ്എല്‍ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അങ്ങനെയൊരു ടീം അധികൃതരുടെ അനാവശ്യ പിടിവാശികളില്‍ കുടുങ്ങുകയായിരുന്നു. ഡല്‍ഹി ഡൈനാമോസ്, ഒഡിഷയും പുനെ എഫ്‌സി, ഹൈദരാബാദുമായി മാറിയതുപോലെയൊരു മാറ്റത്തിനായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആലോചിച്ചത്. സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രതിഷേധം വ്യാപകമായതോടെ സര്‍ക്കാര്‍ ഇടപെടുകയായിരുന്നു.                                                                                                  

ഇനിമുതല്‍ വിനോദനികുതി ചുമത്തുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനും വ്യക്തമാക്കിയിരുന്നു. നവംബര്‍ എട്ടിനാണ് കൊച്ചിയിലെ അടുത്ത കളി. അതിനുമുമ്പ് ടീം മാനേജ്മെന്റും നിര്‍ണായകയോഗം ചേരും. അതേസമയം, സര്‍ക്കാര്‍ ഇടപെടലില്‍ ടീം മാനേജ്മെന്റ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

കെഎഫ്എ എവിടെ?

അതിനിടെ, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍വേണ്ട സാഹചര്യമൊരുക്കേണ്ട കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ വാദം. ടീമിന്റെ പരിശീലനത്തിന് പനമ്പിള്ളി നഗറിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുമുണ്ടായ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഒരു ഘട്ടത്തിലും കെഎഫ്എ ഇടപെട്ടില്ലത്രേ. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടുന്നതില്‍ കേരള സ്പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലും തമ്മിലുള്ള വടംവലിയും ബ്ലാസ്റ്റഴ്‌സിനെ വലച്ചു. സര്‍ക്കാര്‍ ഇടപെട്ട് കേരള സ്പോര്‍ട്‌സ് കൗണ്‍സില്‍ തന്നെ കരാറൊപ്പിടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടലുണ്ടായതുകൊണ്ട് മാത്രമാണ് മത്സരങ്ങള്‍ ഇത്രയെങ്കിലും നടത്താനായതെന്നും ഇത്തരത്തില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നു.                                                                                         

സൗജന്യ പാസുകളുടെ ആധിക്യം

ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ച പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വലിയ ഒഴുക്കാണ് ഉണ്ടായത്. വരും മത്സരങ്ങളിലും അതാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, കോംപ്ലിമെന്ററി പാസുകള്‍ക്കായി വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ മര്‍ക്കടമുഷ്ടി മാനേജ്‌മെന്റിനു സഹിക്കാവുന്നതിലും അപ്പുറമാണ്. അമ്പതിനായിരത്തോളം സീറ്റുള്ള കൊച്ചി സ്റ്റേഡിയത്തിലെ നാലിലൊന്ന് ടിക്കറ്റുകളും കോംപ്ലിമെന്ററിയാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പറയുന്നത്. ഇതനുവദിക്കാനാവില്ല. ഒപ്പം ഡ്യൂട്ടിക്കുള്ള പൊലീസുകാര്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെയും സുഹൃത്തുക്കളെയും യഥേഷ്ടം മൈതാനത്തേക്കു കയറ്റിവിടുന്നുണ്ട്. ജിസിഡിഎ, കൊച്ചിന്‍ കോര്‍പ്പറേഷന്‍, പൊലീസ്, സ്പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ക്കെല്ലാം ടിക്കറ്റുകള്‍ സൗജന്യമായി നല്‍കേണ്ടിവരുന്നു. എല്ലാവര്‍ക്കും നിശ്ചില അളവില്‍ പാസുകള്‍ നല്‍കാറുണ്ടെങ്കിലും അതുപോരാ പാസ് കൊടുത്തില്ലെങ്കില്‍ പ്രതികാരനടപടി രൂക്ഷമായിരിക്കും എന്ന ഭീഷണിയും ഉയരുന്നുണ്ടത്രേ.

കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതിനായി വളരെ മുമ്പേ അനുമതി തേടി കോര്‍പറേഷനെ സമീപിച്ചിരുന്നു. എന്നാല്‍, അനുമതി നല്‍കിയത് തലേന്നു മാത്രമാണ്. അവിടെയും പ്രശ്‌നമായത് കോംപ്ലിമെന്ററി പാസാണെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു. 700 പാസുകള്‍ നല്‍കാനാണ് മാനേജ്‌മെന്റ് പ്രതിനിധിയോട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. കൂടാതെ വലിയ തുക സംഭാവനയും നല്‍കണമത്രേ. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു.

സ്റ്റേഡിയം ഉടമകളായ ജിസിഡിഎയ്ക്ക് ഐഎസ്എല്‍ ഓരോ വര്‍ഷവും ഏഴുകോടി രൂപയാണ് നല്‍കുന്നത്. എന്നിട്ടും സ്റ്റേഡിയത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും വേണ്ടവിധത്തില്‍ നടക്കുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ ഒരു കോടി രൂപ സെക്യൂരിറ്റി തുകയായും നല്‍കിയിരുന്നു. പുറമേ ഒരു കളിക്ക് ഇരുപത് ലക്ഷം രൂപ മൂല്യമുള്ള ടിക്കറ്റുകള്‍ സൗജന്യമായി ജിസിഡിഎ വാങ്ങുന്നുണ്ട്. അതിനിടെ, സുരക്ഷയ്ക്കായി പോലീസിനു പണം നല്കണമെന്ന നിലപാടും ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിച്ചു. ഏഴു ലക്ഷം രൂപയും 1200 സൗജന്യപാസുകളുമാണ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടത്. ഇതൊക്കെക്കൊണ്ട് പൊറുതിമുട്ടിയാണ് കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്.

click me!