ഗോള്‍വേട്ട തുടരണം, ജയിക്കണം; രണ്ടുംകല്‍പിച്ച് ബ്ലാസ്റ്റേഴ്‌സ്; എതിരാളി എടികെ

By Web TeamFirst Published Jan 12, 2020, 10:31 AM IST
Highlights

പുതുവർഷത്തിൽ ഹൈദരാബാദിന്റെ ഗോൾ വലനിറച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊല്‍ക്കത്ത: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുൻ ചാമ്പ്യൻമാരായ എടികെയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് കൊൽക്കത്തയിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനോടേറ്റ തോൽവിക്ക് പകരംവീട്ടാനാണ് എടികെ ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. കൊച്ചിയിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 

മഞ്ഞപ്പട ആരാധകര്‍ പ്രതീക്ഷയില്‍, കാരണമുണ്ട്!

പുതുവർഷത്തിൽ ഹൈദരാബാദിന്റെ ഗോൾവല നിറച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. എന്നാല്‍ പുതുജീവനുമായി കൊൽക്കത്തയില്‍ ഇറങ്ങുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. 11 കളിയിൽ 21 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് എടികെ. പത്ത് പോയിന്റ് പിന്നിലുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും.

പതിഞ്ഞ തുടക്കത്തിനുശേഷം കരുത്ത് വീണ്ടെടുത്ത എടികെ 21 ഗോൾ നേടിക്കഴിഞ്ഞു. ഇതിൽ പതിമൂന്നും റോയ് കൃഷ്ണ- ഡേവിഡ് വില്യംസ് കൂട്ടുകെട്ടിന്റെ വകയാണ്. ഇവർക്കൊപ്പം മൈക്കൽ സൂസൈരാജും പ്രണോയ് ഹാൾഡറും ചേരുമ്പോൾ എടികെ അതിശക്തർ. 

മഞ്ഞപ്പട ചിരിക്കണോ? ജയിച്ചേ മതിയാകൂ

ഇതേസമയം അവസാന അഞ്ച് മത്സരത്തിൽ എടികെയ്‌ക്കെതിരെ തോറ്റിട്ടില്ലെന്നത് ബ്ലാസ്റ്റേഴ്‌സിന് കരുത്താവും. ഉദ്ഘാടന മത്സരത്തിലെ മികവ് ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലും ആവർത്തിക്കുമെന്ന് കോച്ച് എൽകോ ഷാറ്റോറി ഉറപ്പിച്ച് പറയുന്നു. ക്യാപ്റ്റൻ ബാർത്തലോമിയോ ഒഗ്‌ബചേ- റാഫേൽ മെസ്സി ബൗളി സഖ്യത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഉറ്റുനോക്കുന്നത്. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്.

click me!