ഒഡീഷയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ബംഗലൂരു

By Web TeamFirst Published Jan 22, 2020, 9:50 PM IST
Highlights

23-ാം മിനിറ്റില്‍ ഡേഷോണ്‍ ബ്രൗണിലൂടെയാണ് ബംഗലൂരു ഗോള്‍വേട്ട തുടങ്ങിയത്. രണ്ട് മിനിറ്റിനകം രാഹുല്‍ ബെക്കെ ബംഗലൂരുവിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 61-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബംഗലൂരുവിന്റെ ഗോള്‍പട്ടിക തികച്ചു.

ബംഗലൂരു: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ബംഗലൂരു എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിന് ഒഡ‍ീഷയെ വീഴ്ത്തി ബംഗലൂരു ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 14 കളികളില്‍ 25 പോയന്റുമായാണ് ബംഗലൂരു ഒന്നാം സ്ഥാനത്തേക്ക് കയറിയത്. തോറ്റെങ്കിലും 14 കളികളില്‍ 21 പോയന്റുള്ള ഒഡീഷ നാലാം സ്ഥാനത്തുണ്ട്.

23-ാം മിനിറ്റില്‍ ഡേഷോണ്‍ ബ്രൗണിലൂടെയാണ് ബംഗലൂരു ഗോള്‍വേട്ട തുടങ്ങിയത്. രണ്ട് മിനിറ്റിനകം രാഹുല്‍ ബെക്കെ ബംഗലൂരുവിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 61-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബംഗലൂരുവിന്റെ ഗോള്‍പട്ടിക തികച്ചു. ഡെല്‍ഗാഡോ എടുത്ത കോര്‍ണര്‍ കിക്കില്‍ ഗ്യൂഡെസ് ബംഗലൂരുവിന്റെ പര്‍ത്താലുവിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് ബംഗലൂരുവിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോടേറ്റ തോല്‍വിയില്‍ നിന്നുള്ള ശക്തമായ തിരിച്ചുവരവ് കൂടിയായി ബംഗലൂരുവിന്റെ വിജയം. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷമാണ് ഒഡീഷ എഫ്‌സി തോല്‍വി വഴങ്ങിയത്. ബംഗലൂരുവിനെതിരെ ജയിച്ചിരുന്നെങ്കില്‍ ഒഡീഷക്കും ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ടായിരുന്നു.

click me!