ഇഞ്ചുറി ടൈം പെനല്‍റ്റിയില്‍ മുംബൈയെ സമനിലയില്‍ കുരുക്കി ഹൈദരാബാദ്

By Web TeamFirst Published Jan 24, 2020, 10:06 PM IST
Highlights

ജയിച്ചിരുന്നെങ്കില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് നാലാം സ്ഥാനത്തെത്താമായിരുന്ന മുംബൈക്ക് സമനിലയോടെ 14 കളികളില്‍ 20 പോയന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു.

ഹൈദരാബാദ്: ഇഞ്ചുറി ടൈമില്‍ നേടിയ പെനല്‍റ്റി ഗോളില്‍ മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ കുരുക്കി ഹൈദരാബാദ് എഫ്‌സി.  43-ാം മിനിറ്റില്‍ മൊഹമ്മദ് ലാബ്രിയുടെ പെനല്‍റ്റി ഗോളിലൂടെ മുന്നിലെത്തിയ മുംബൈയെ ഇഞ്ചുറി ടൈമില്‍(90+4) നേടിയ പെനല്‍റ്റി ഗോളിലാണ് ഹൈദരാബാദ് സമനിലയില്‍ കുരുക്കിയത്.

മാര്‍ക്കോ സ്റ്റാന്‍കോവിച്ചാണ് ഹൈദരാബാദിന്റെ സമനില ഗോള്‍ നേടിയത്.  ജയിച്ചിരുന്നെങ്കില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് നാലാം സ്ഥാനത്തെത്താമായിരുന്ന മുംബൈക്ക് സമനിലയോടെ 14 കളികളില്‍ 20 പോയന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. അതേസമയം, ആറ് പോയന്റുമായി ഹൈദരാബാദ് എഫ്‌സി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ്.

ആദ്യപകുതിയില്‍ പെനല്‍റ്റി ബോക്സില്‍ നിഖില്‍ പൂജാരിയുടെ കൈയില്‍ പന്ത് തട്ടിയതിനാണ് മുംബൈക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചത്. മുംബൈ മൂന്ന് പോയന്റുമായി ജയിച്ചുകയറുമെന്ന് ഉറപ്പിച്ചിരിക്കെ ബോബോയെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയ പ്രതിക് ചൗധരി മുംബൈയുടെ വില്ലനായി. പെനല്‍റ്റി അനുവദിച്ച റഫറിയുടെ തീരുമാനം ഇരുകൈയും നീട്ടി സ്വീകരിച്ച സ്റ്റാന്‍കോവിച്ച് അനായാസം പന്ത് വലയിലെത്തിച്ച് മുംബൈയുടെ ജയം നിഷേധിച്ചു.

click me!