
മഡ്‌ഗാവ്: ഐഎസ്എല്ലിൽ പുതിയ പരീക്ഷണവുമായി എടികെ മോഹൻ ബഗാൻ. ഈ സീസണിൽ കൊൽക്കത്തൻ ക്ലബിനെ അഞ്ച് ക്യാപ്റ്റൻമാർ നയിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് എടികെ മോഹൻ ബഗാൻ കോച്ച് അന്റോണിയോ ഹബാസ് ടീമിന് അഞ്ച് ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചത്.
റൊട്ടേഷൻ രീതിയിൽ ഓരോ മത്സരത്തിലും ക്യാപ്റ്റൻമാർ മാറിമാറി ടീമിനെ നയിക്കും. ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷ്ണ, സ്‌പാനിഷ് മിഡ്ഫീൽഡർ എഡു ഗാർസ്യ, ഇന്ത്യൻ താരങ്ങളായ സന്ദേശ് ജിംഗാൻ, പ്രീതം കോട്ടാൽ, അരീന്ദം ഭട്ടാചാര്യ എന്നിവരാണ് എടികെ മോഹൻ ബഗാന്റെ നായകൻമാർ. റോയ് കൃഷ്ണ, എഡു ഗാർസ്യ, പ്രീതം കോട്ടാൽ. അരീന്ദം ഭട്ടാചാര്യ എന്നിവർ കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിലെ അംഗങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്സ് നായകനായിരുന്ന ജിംഗാൻ ഈ സീസണിലാണ് എടികെ മോഹൻ ബഗാനിലെത്തിയത്.
ടീമിൽ ആർക്കും സ്റ്റാർ പദവിയില്ലെന്നും എല്ലാവർക്കും തുല്യ അംഗീകാരം നൽകാനുമാണ് വ്യത്യസ്ത നായകൻമാരെ പരീക്ഷിക്കുന്നതെന്ന് ഹബാസ് പറയുന്നു. പരിചയ സമ്പത്തും കളിയിലെ മികവും മാത്രമാണ് നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും ഹബാസ് പറഞ്ഞു. രാജ്യാന്തര ഫുട്ബോളിൽ ബ്രസീലിയൻ കോച്ച് ടിറ്റെ ഓരോ മത്സരത്തിലും വ്യത്യസ്ത നായകൻമാരെയാണ് തുടക്കം മുതൽ പരീക്ഷിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരായ എടികെയിൽ ഈ സീസണിലാണ് ഇന്ത്യൻ ഫുട്ബോളിലെ അതികായരായ മോഹൻ ബഗാൻ ലയിച്ചത്. ഇതോടെ ടീമിന്റെ പേര് എടികെ മോഹൻ ബഗാൻ എന്നാക്കി മാറ്റി. എടികെയുടെ ജഴ്സിയുപേക്ഷിച്ച് മോഹൻ ബഗാന്റെ ജഴ്സിയിലാവും ടീം ഈ സീസണിൽ കളത്തിലിങ്ങുക.
എടികെ മോഹൻ ബഗാൻ ഉദ്ഘാടന മത്സരത്തിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. കൊവിഡ് പശ്ചാത്തലത്തിൽ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഗോവയിലാണ് നടക്കുക.
യുവേഫ നേഷൻസ് ലീഗ്: ഇംഗ്ലണ്ടിനെ പുറത്തേക്കടിച്ച് ബെല്‍ജിയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!