ആദ്യ പകുതി ഗോള്‍രഹിതം; വലചലിപ്പിക്കാനാവാതെ മുംബൈയും നോര്‍ത്ത് ഈസ്റ്റും

By Web TeamFirst Published Nov 21, 2020, 8:23 PM IST
Highlights

കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും മുംബൈയാണ്

മഡ്‌ഗാവ്: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-മുംബൈ സിറ്റി എഫ്‌സി പോരാട്ടം ആദ്യ പകുതിയില്‍ ഗോള്‍രഹിതം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ മുംബൈയാണ് മികച്ചുനിന്നത്. അതേസമയം അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് ഇറങ്ങിയത്. സീസണില്‍ ക്ലബിലെത്തിയ ബാർത്തലോമിയോ ഒഗ്‌ബചേ, ഹ്യൂഗോ ബൗമസ്, ആഡം ലെ ഫ്രോണ്ടെ, എന്നീ വമ്പന്‍മാര്‍ സെ‍ർജിയോ ലൊബേറയുടെ മുംബൈ സിറ്റിക്കായി അരങ്ങേറി. ലൂയിസ് മച്ചാഡോ, ബെഞ്ചമിൻ ലെംബോട്ട്, ക്വസി അപിയ എന്നിവര്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.

ശക്തരെ ഇറക്കി ഉടച്ചുവാര്‍ത്തതിന്‍റെ കരുത്ത കാട്ടി ആദ്യ പകുതിയില്‍ മുംബൈ സിറ്റി. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും മുംബൈയാണ്. ആദ്യ 20 മിനുറ്റ് പിന്നിടുമ്പോള്‍ 71 ശതമാനം പന്തും മുംബൈയുടെ കാല്‍ക്കലായിരുന്നു. 45 മിനുറ്റ് പൂര്‍ത്തിയാകുമ്പോള്‍ മുംബൈ അഞ്ച് ഷോട്ടുകള്‍ തൊടുത്തെങ്കില്‍ നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ടില്‍ പൂജ്യം മാത്രമായിരുന്നു. അതേസമയം ഒരു ഷോട്ടുപോലും ടാര്‍ഗറ്റിലേക്ക് എത്തിയുമില്ല.  

മൈതാന മധ്യത്ത് ഖാസാ കമാരയെ അപകടകരമായി ടാക്കിള്‍ ചെയ്‌തതിന് 43-ാം മിനുറ്റില്‍ അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മുംബൈ സിറ്റി കളിക്കേണ്ടിവരിക. 

 

click me!