Latest Videos

ISL 2021-2022 : അടി, തിരിച്ചടി, ഒടുവില്‍ ബെംഗലൂരു-എടികെ പോരാട്ടത്തില്‍ ആവേശ സമനില

By Web TeamFirst Published Dec 16, 2021, 9:33 PM IST
Highlights

ക്ലെയ്റ്റണ്‍ സില്‍വയും ഡാനിഷ് ഫാറൂഖും പ്രിന്‍സ് ഇബ്രയും ബെംഗലൂരുവിനായി സ്കോര്‍ ചെയ്തപ്പോള്‍ സുഭാശിഷ് ബോസും ഹ്യൂഗോ ബോമസും റോയ് കൃഷ്ണയുമായിരുന്നു എടികെക്കായി വല കുലുക്കിയത്.


ബംബോലിം: അടിയും തിരിച്ചടിയുമായി ബെംഗലൂരു എഫ് സിയും( Bengaluru FC) എടികെ മോഹന്‍ബഗാനും(ATK Mohun Bagan) കളം നിറഞ്ഞ ഐഎസ്എല്ലിലെ(ISL 2021-2022) വീറുറ്റ പോരാട്ടത്തിനൊടുവില്‍ ആവേശ സമനില. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചു. ക്ലെയ്റ്റണ്‍ സില്‍വയും ഡാനിഷ് ഫാറൂഖും പ്രിന്‍സ് ഇബ്രയും ബെംഗലൂരുവിനായി സ്കോര്‍ ചെയ്തപ്പോള്‍ സുഭാശിഷ് ബോസും ഹ്യൂഗോ ബോമസും റോയ് കൃഷ്ണയുമായിരുന്നു എടികെക്കായി വല കുലുക്കിയത്.

സമനിലയോടെ എടികെ മോഹന്‍ ബഗാന്‍ ആറ് കളികളില്‍ എട്ടു പോയന്‍റുമായി ആറാം സ്ഥാനത്തും ബെംഗലുരു ഒമ്പതാം സ്ഥാനത്തും തുടരുന്നു. കളിയുടെ തുടക്കം മുതല്‍ ആക്രമണ ഫുട്ബോളുമായി ഇരു ടീമുകളം കളം പിടിച്ചതോടെ മത്സരം ആവേശകരമായി. എട്ടാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗലൂരുവിനായി ആദ്യ അവസരം സൃഷ്ടിച്ചെങ്കിലും എടികെ അപകടം ഒഴിവാക്കി.

പതിമൂന്നാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് സുഭാശിഷ് എടികെയെ മുന്നിലെത്തിച്ചെങ്കിലും ആഹ്ലാദത്തിന് അധികം ആയസുണ്ടായില്ല. ക്ലെയ്റ്റണ്‍ സില്‍വയെ ലിസ്റ്റണ്‍ കൊളോക്കോ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ക്ലെയ്റ്റണ്‍ തന്നെ ഗോളാക്കിയതോടെ കളി സമനിലയിലായി. അധികം വൈകാതെ ഫാറൂഖിലൂടെ ബെംഗലൂരു ലിഡെടുക്കുകയും ചെയ്തു. കോര്‍ണറില്‍ നിന്നായിരുന്നു ഇത്തവണയും ഗോള്‍ വന്നത്. ലീഡെടുത്തതോടെ ബെംഗലൂരു കൂടുതല്‍ പന്തടക്കം കാട്ടിയെങ്കിലും 10 മിനിറ്റിനകം സമനില വീണ്ടെടുത്ത് ഹ്യൂഗോ ബോമസ് എടികെയെ ഒപ്പമെത്തിച്ചു. റോയ് കൃഷ്ണയുടെ പാസില്‍ നിന്നായിരുന്നു ബോമസിന്‍റെ ഗോള്‍.

ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം പിരിഞ്ഞ ഇരു ടീമും രണ്ടാം പകുതിയിലും ആക്രമണ ഫുട്ബോള്‍ തുടര്‍ന്നു. 57-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ പ്രിന്‍സ് ഇബ്ര പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് എടികെക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല. എടികെ വീണ്ടും മുന്നിലെത്തിയതോടെ ബെംഗലൂരു സമനില ഗോളിനായി ആക്രമണം കനപ്പിച്ചു.

റോയ് കൃഷ്ണയെ വീഴ്ത്തി വില്ലനായ പ്രിന്‍ ഇബ്ര തന്നെ അവരുടെ നായകനുമായി. 72-ാാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു ഇബ്ര ഹെഡ്ഡറിലൂടെ ബെംഗലൂരുവിന് സമനില സമ്മാനിച്ചത്. അവസാന നിമിഷം വിജയഗോളിനായി ഇരു ടീമുകളും പൊരുതിയെങ്കിലും ഗോള്‍ വീഴാതെ പ്രതിരോധനിരകള്‍ പിടിച്ചു നിന്നു.

click me!