ISL 2021-2022: ആവേശപ്പോരില്‍ മുംബൈയുടെ വമ്പൊടിച്ച് ഒഡീഷ

Published : Jan 03, 2022, 09:32 PM IST
ISL 2021-2022: ആവേശപ്പോരില്‍ മുംബൈയുടെ വമ്പൊടിച്ച് ഒഡീഷ

Synopsis

രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായിപ്പോയ ഒഡീഷ ഏഴ് മിനിറ്റിന്‍റെ ഇടവേളയില്‍ ജെറി മാവിഹ്മിങ്താങ നേടിയ ഇരട്ട ഗോളുകളുടെയും ജൊനാഥാസ് ക്രിസ്റ്റ്യന്‍റെയും ഗോളുകളുടെയും കരുത്തിലാണ് മറികടന്നത്.

ബംബോലിം: ഐഎസ്എല്ലിലെ(ISL 2021-2022) ആവേശപ്പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിയെ(Mumbai City FC) രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തി ഒഡീഷ എഫ് സി(Odisha FC). അടിയും തിരിച്ചടിയും ഒരുപോലെ കണ്ട മത്സരത്തില്‍ ആദ്യം ലീഡെടുത്ത ഒഡീഷക്കെതിരെ സമനില പിടിക്കുകയും പിന്നീട് ലീഡെടുക്കുകയും ചെയ്തെങ്കിലും രണ്ടാം പകുതിയിലെ ഒഡീഷയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഒടുവില്‍ മുംബൈ മുട്ടുമടക്കി.

രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായിപ്പോയ ഒഡീഷ ഏഴ് മിനിറ്റിന്‍റെ ഇടവേളയില്‍ ജെറി മാവിഹ്മിങ്താങ(Jerry Mawihmingthanga) നേടിയ ഇരട്ട ഗോളുകളുടെയും ജൊനാഥാസ് ക്രിസ്റ്റ്യന്‍റെയും(Jonathas Cristian) ഗോളുകളുടെ കരുത്തിലാണ് മറികടന്നത്. ജയിച്ചെങ്കിലും 13 പോയന്‍റുമായി ഒഡീഷ  ഏഴാം സ്ഥാനതുടരുമ്പോള്‍ തോറ്റിട്ടും ഒരു പോയന്‍റ് ലീഡില്‍ ഹൈദരാബാദിന് മുന്നില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് മുംബൈ.

ജെറിയുടെ ഇരട്ടഗോളിന് പുറമെ ഒഡീഷക്കായി ആരിദായ് സുവാരസും(Aridai Suarez) ജൊനാഥാസ് ക്രിസ്റ്റ്യനും വലകുലുക്കിയപ്പോള്‍ മുംബൈക്കായി അഹമ്മദ് ജാഹോയും(Ahmed Jahouh) ഇഗോര്‍ അംഗൂളോയും(Igor Angulo) ആണ് ഗോളുകള്‍ നേടിയത്. കളിയുടെ തുടക്കത്തിലെ മുന്നിലെത്തിയ ഒഡീഷക്ക് ആദ്യ പകുതിയില്‍ പക്ഷെ ആ മുന്‍തൂക്കം നിലനിര്‍ത്താനായില്ല. മൂന്നാം മിനിറ്റില്‍ മുംബൈ നായകന്‍ മൗര്‍ത്താദാ ഫാളിന്‍റെ മിസ് പാസ് പിടിച്ചെടുത്ത് അരിദായ് സുവാരസ് ഒഡീഷയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത നിമിഷം മുംബൈക്ക് ഒപ്പമെത്താന്‍ അവസരം ലഭിച്ചെങ്കിലും ബിപിന്‍ സിംഗിന്‍റെ ക്രോസ് വലയൊഴിഞ്ഞ് പോയി.

എന്നാല്‍ സമനില ഗോളിനായി മുംബൈക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല. ബോക്സിന് പുറത്തുനിന്ന് പന്ത് പിടിച്ചെടുത്ത് അഹമ്മദ് ജോഹോ തൊടുത്ത ലോംഗ് റേഞ്ചര്‍ ഒഡീഷ വലയിലെത്തിയതോടെ മത്സരം ആവേശകരമായി. പിന്നീട് ഇരു ടീമും മധ്യനിരയില്‍ ആധിപത്യത്തിനായി പൊരുതിയതോടെ ഗോളൊഴിഞ്ഞു നിന്നു. ആദ്യ പകുതി തീരും മുമ്പ് മുംബൈ ലീഡെടുത്തു. 38-3ം മിനിറ്റില്‍  അഹമ്മദ് ജോഹോയുടെ പാസില്‍ നിന്ന് ഇഗോര്‍ അംഗൂളോയാണ് മുംബൈയെ മുന്നിലെത്തിച്ചത്.

എന്നാല്‍ രണ്ടാം പകുതിയില്‍ ഒഡീഷയുടെ പോരാട്ടം മംബൈ കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. സമനില ഗോളിനായി ഒഡീഷ കൈ മെയ് മറന്നു പോരാടിയതോടെ ഏത് സമയത്തും മുംബൈ വലയില്‍ പന്തെത്തുമെന്ന സ്ഥിതിയായി. ഒടുവില്‍ ഒഡീഷയുടെ സമ്മര്‍ദ്ദത്തിന് 70-ാം മിനിറ്റില്‍ ഫലം കണ്ടു. നന്ദകുമാര്‍ ശേഖറിന്‍റെ ഹെഡ്ഡറില്‍ നിന്ന് ജെറി മുംബൈ വല കുലുക്കി.

സമനില ഗോള്‍ വീണതോടെ വിജയഗോളിനായി ഒഡീഷയുടെ സമ്മര്‍ദ്ദം. ഒടുവില്‍ 77-ാം മിനിറ്റില്‍ ജൊനാഥാസ് ക്രിസ്റ്റ്യന്‍റെ പാസില്‍ നിന്ന് ജെറി വീണ്ടും മുംബൈ വലയില്‍ പന്തെത്തിച്ചതോടെ മുംബൈ പ്രതിരോധത്തിലായി. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ജൊനാഥാസ് ക്രിസ്റ്റ്യന്‍ തന്നെ മുംബൈയുടെ വമ്പൊടിച്ച ഒഡീഷയുടെ ജയം പൂര്‍ത്തിയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച