
മഡ്‍ഗാവ്: ഐഎസ്എൽ (ISL 2021-22) കൊവിഡ് ഭീഷണിയില്‍. ഇന്നത്തെ എടികെ മോഹൻ ബഗാൻ- ബെംഗളൂരു എഫ്സി (ATK Mohun Bagan vs Bengaluru FC) മത്സരം മാറ്റിവച്ചു. എടികെയുടെ നാല് താരങ്ങള്‍ കൊവിഡിന്‍റെ പിടിയിലായതോടെയാണിത്. ഒഡിഷക്കെതിരായ എടികെ മോഹന്‍ ബഗാന്‍റെ കഴിഞ്ഞ മത്സരവും കൊവിഡ് കാരണത്താല്‍ നീട്ടിവച്ചിരുന്നു. ഒരാഴ്ചയായി എടികെയുടെ പരിശീലനം നിർത്തിവച്ചിരിക്കുകയാണ്.
ആദ്യപാദത്തിൽ എടികെ ബഗാനും ബിഎഫ്സിയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. ഒൻപത് കളിയിൽ 15 പോയിന്‍റുള്ള എടികെ ബഗാൻ അഞ്ചും 11 കളിയിൽ 13 പോയിന്‍റുള്ള ബെംഗളൂരു ഏഴും സ്ഥാനത്താണ്. ഇരു ടീമും ആകെ എട്ട് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബിഎഫ്സി അഞ്ചിലും എടികെ ബഗാൻ രണ്ട് കളിയിലും ജയിച്ചു. ഒരു മത്സരം സമനിലയിൽ അവസാനിച്ചു.
ടീം ക്യാമ്പില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നാളത്തെ മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്‍റെ ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങൾക്കോ പരിശീലകർക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം നടത്തിയേക്കില്ലെന്നാണ് സൂചന. നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഒഡിഷയുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം.
ഗോവയിൽ നാളെ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങേണ്ടത്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകർത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!