
വാസ്കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ജൈത്രയാത്ര തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) നാളെയിറങ്ങും. പന്ത്രണ്ടാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയാണ് (Mumbai City FC) എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകർത്തിരുന്നു.
അഡ്രിയൻ ലൂണ, അൽവരോ വാസ്ക്വേസ്, സഹൽ അബ്ദുൽ സമദ് കൂട്ടുകെട്ടിന്‍റെ മികവിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റം. സീസണിൽ ബ്ലാസ്റ്റേഴ്സ് പതിനെട്ട് ഗോൾ നേടിയപ്പോൾ മുംബൈ ഇരുപത്തിരണ്ട് ഗോളാണ് സ്കോർ ചെയ്തത്. മുംബൈ ഇരുപത് ഗോൾ വഴങ്ങിയപ്പോൾ ഈ സീസണിൽ ഏറ്റവും ഉറച്ച പ്രതിരോധ നിരയുള്ള ബ്ലാസ്റ്റേഴ്സ് പത്ത് ഗോൾ മാത്രമാണ് വഴങ്ങിയത്. ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സാണ്.
എന്നാൽ നേർക്കുനേർ കണക്കിൽ മുംബൈയ്ക്കാണ് ആധിപത്യം. ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് കളിയിൽ മുംബൈ ആറിലും ബ്ലാസ്റ്റേഴ്സ് മൂന്നിലും ജയിച്ചു. ആറ് മത്സരം സമനിലയിൽ അവസാനിച്ചു. മുംബൈ ആകെ ഇരുപത്തിയൊന്നും ബ്ലാസ്റ്റേഴ്സ് പത്തും ഗോൾ നേടിയിട്ടുണ്ട്. സീസണിൽ ഒറ്റത്തോൽവി മാത്രം നേരിട്ട ബ്ലാസ്റ്റേഴ്സ് 20 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 17 പോയിന്‍റുള്ള മുംബൈ നാലാം സ്ഥാനത്താണിപ്പോൾ.
ആശങ്കയുണർത്തി കൊവിഡ്
ഇതേസമയം ആശങ്കയുണർത്തി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങൾക്കോ പരിശീലകർക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം നടത്തിയേക്കില്ലെന്നാണ് സൂചന. നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഒഡിഷയുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം.
നിലവിൽ പതിനൊന്ന് ടീമുകളിൽ ഏഴിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐഎസ്എല്ലിന്‍റെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ടീമിൽ പതിനഞ്ച് താരങ്ങൾ ലഭ്യമാണെങ്കിൽ മത്സരം നടത്തണമെന്നാണ് ഐഎസ്എൽ നിയമം. കൊവിഡ് കാരണം ഒരു ടീമിന് കളിക്കളത്തിൽ ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ എതിർ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചതായി പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!