
വാസ്‌കോ ഡ ഗാമ: മികച്ച താരമാകാനാണ് ഓരോ ദിവസവും പരിശ്രമിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters Fc) താരം സഹൽ അബ്‌ദുൽ സമദ് (Sahal Abdul Samad). പരിശീലകന്‍ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും സഹൽ പറഞ്ഞു. മുംബൈക്കെതിരെ (Mumbai City Fc) ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചതിന് പിന്നാലെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് (Ivan Vukomanovic) അടുത്തേക്ക് ഓടിയതിന് പിന്നിൽ പ്രത്യേകിച്ച് കാരണങ്ങളില്ലെന്നും സഹല്‍ വ്യക്തമാക്കി.
തന്‍റെ പ്രകടനത്തെ കുറ്റപ്പെടുത്താന്‍ മിക്കപ്പോഴും ശ്രമമുണ്ടാകുന്നതിൽ പരിഭവമുണ്ട് സഹലിന്. 'ഗോളടിക്കുന്നില്ല, അസിസ്റ്റ് നല്‍കുന്നില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പതുക്കെപതുക്കെ അത് മാറി, അസിസ്റ്റ് നല്‍കാന്‍ തുടങ്ങി. ഇപ്പോള്‍ ഗോളടിക്കാന്‍ തുടങ്ങി. ഗോളടിക്കുമ്പോള്‍ അസിസ്റ്റില്ലേ എന്ന് ചോദിക്കും. ഒരിക്കലും ഒരു കംപ്ലീറ്റ് പ്ലെയറാവാന്‍ ആര്‍ക്കുമാവില്ലെ'ന്ന് സഹല്‍ പറഞ്ഞു. ഐഎസ്‌എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരത്തിന് മുന്നോടിയായാണ് സഹലിന്‍റെ പ്രതികരണം.
ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സീസണിലെ ഏഴാം മത്സരത്തിനിറങ്ങും. ഗോവയിലെ വാസ്‌കോ ഡ ഗാമയില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തുക. ഒഡിഷ എഫ്‌സിയെ മറികടന്നുവരുന്ന ചെന്നൈയിനും ശക്തമായ പോരാട്ടം സമ്മാനിക്കും.
ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും 16 തവണ മുഖാമുഖം വന്നിട്ടുണ്ട്. ചെന്നൈയിന്‍ ആറും ബ്ലാസ്റ്റേഴ്‌സ് മൂന്നും കളി വീതം ജയിച്ചപ്പോൾ സമനിലയിൽ അവസാനിക്കാനായിരുന്നു ഏഴ് മത്സരങ്ങളുടെ വിധി. ആറ് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി ഒന്‍പത് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനക്കാരാണ്. ഇത്രതന്നെ മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്‍റുള്ള ചെന്നൈയിന്‍ നാലാമതുണ്ട്.
മുംബൈയുടെ വമ്പൊടിച്ച ബ്ലാസ്റ്റേഴ്‌സ്
അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ 3-0ന് തകര്‍ക്കുകയായിരുന്നു. 27-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുൽ സമദ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 47-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വെസ് ലീഡുയര്‍ത്തി. 50-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ വീഴ്ത്തിയ മോര്‍ത്താദ ഫോള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് മുംബൈക്ക് പ്രഹരമായി. പെനാൽറ്റി ഗോളാക്കിയ ഹോര്‍ഗെ പെരേര ഡയസ് ജയം പൂര്‍ത്തിയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!