ആദ്യ കളിയിലെ തോൽവിക്ക് ശേഷം അപരാജിതരായി മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് ഹോര്‍ഗെ പെരേര ഡയസിന്‍റെ പരിക്ക് ഗുരുതരമില്ലെന്ന് അറിഞ്ഞതിന്‍റെ ആശ്വാസത്തിലാണ്

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters Fc) ഇന്ന് സീസണിലെ ഏഴാം മത്സരം. ചെന്നൈയിന്‍ എഫ്‌സി (Chennaiyin Fc) ആണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ (Mumbai City Fc) മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നതെങ്കില്‍ ഒഡിഷ എഫ്‌സിയെ (Odisha Fc) മറികടന്നാണ് ചെന്നൈയിന്‍ എഫ്‌സിയുടെ വരവ്.

വിജയവഴിയിൽ തുടരാന്‍ ഉറച്ചാണ് വാസ്‌കോ ഡ ഗാമയില്‍ ദക്ഷിണേന്ത്യന്‍ ടീമുകള്‍ മുഖാമുഖം വരുന്നത്. ആദ്യ കളിയിലെ തോൽവിക്ക് ശേഷം അപരാജിതരായി മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് ഹോര്‍ഗെ പെരേര ഡയസിന്‍റെ പരിക്ക് ഗുരുതരമില്ലെന്ന് അറിഞ്ഞതിന്‍റെ ആശ്വാസത്തിലാണ്. അതേസമയം സീസണിൽ ഏറ്റവും കുറച്ച് ഗോള്‍ നേടുകയും ഗോള്‍ വഴങ്ങുകയും ചെയ്‌ത ടീമാണ് ചെന്നൈയിന്‍. 11 പോയിന്‍റുമായി പട്ടികയില്‍ നാലാമത്. 

നേര്‍ക്കുനേര്‍ കണക്ക്

പ്രതിരോധത്തിൽ വിള്ളൽ വീഴാന്‍ അനുവദിക്കാത്ത ചെന്നൈയിനെ നേരിടുമ്പോള്‍ മുംബൈക്കെതിരായ പോരാട്ടത്തിൽ നിന്ന് വ്യത്യസ്‌തമായ സമീപനം പ്രതീക്ഷിക്കാം. ഇരു ടീമുകളും 16 തവണ മുഖാമുഖം വന്നിട്ടുണ്ട്. ചെന്നൈയിന്‍ ആറും ബ്ലാസ്റ്റേഴ്‌സ് മൂന്നും കളി വീതം ജയിച്ചപ്പോൾ ഏഴ് മത്സരം സമനിലയിൽ അവസാനിച്ചു.

എടികെയില്‍ പുതുയുഗം, യുവാന്‍ ഫെരാണ്ടോക്ക് ജയത്തുടക്കം

എടികെ മോഹന്‍ ബഗാന്‍ പരിശീലകനായി യുവാന്‍ ഫെരാണ്ടോക്ക് ജയത്തുടക്കം. ഇന്നലത്തെ മത്സരത്തിൽ എടികെ മോഹന്‍ ബഗാന്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. രണ്ടാം മിനിറ്റിൽ പിന്നിലായ എടികെ മോഹന്‍ ബഗാന്‍ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിൽ ഗോളിയുടെ പിഴവ് മുതലെടുത്ത് ലിസ്റ്റൺ കൊളാസോയിലൂടെ ഒപ്പമെത്തി. രണ്ടാം പകുതിയിൽ ഹ്യൂഗോ ബൗമ ഇരട്ടഗോളുമായി ജയം ഉറപ്പാക്കി. 53-ാം മിനിറ്റിലും 76-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. 

ഏഴ് കളിയിൽ 11 പോയിന്‍റുമായി എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എട്ട് കളിയിൽ 7 പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്.

ISL 2021-2022 : നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചത്തി എടികെ