
ഫട്ടോർഡ: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters) ഫൈനൽ (HFC vs KBFC) മത്സരത്തിന് കാണികളുടെ എണ്ണം കുറച്ചേക്കുമെന്ന ആശങ്ക അവസാനിച്ചു. സ്റ്റേഡിയത്തിലേക്ക് 100% പ്രവേശനം അനുവദിക്കുന്നത് ഗോവ സർക്കാറിന്‍റെ (Goa Govt) വിദഗ്ദ സമിതിയും എതിർക്കില്ല. രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ ആപ്പിലൂടെ ശേഷിക്കുന്ന ടിക്കറ്റുകളും വിൽപനയ്ക്കെത്തും.
കലാശപ്പോരാട്ടം വരെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമാവുന്നു. ഫട്ടോർഡയിൽ മഞ്ഞക്കടൽ തീർക്കാൻ ആരാധകർക്ക് ഇനി ധൈര്യമായി വണ്ടി കയറാം. 18,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റും വിൽപനയ്ക്ക് വയ്ക്കും. സംഘാടകർ മുഴുവൻ കാണികളെയും പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്‌ദ സമിതി അംഗങ്ങൾ എതിർത്തതാണ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിർദ്ദേശം. ഗോവ മെഡിക്കൽ കോളേജിൽ ചേർന്ന വിദഗ്ദ സമിതി യോഗം ഒടുവിൽ 100 ശതമാനത്തിന് സമ്മതം മൂളി.
സിനിമാ തിയേറ്ററും പാർക്കുകളും അടക്കം എല്ലായിടത്തും 100 ശതമാനം പ്രവേശനം അനുവദിക്കുന്ന സംസ്ഥാനത്ത് ഐഎസ്എല്ലിന് മാത്രമായി നിയന്ത്രണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കാണികൾ ആർടിപിസിആർ നെഗറ്റീസ് സർട്ടിഫിക്കറ്റോ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം. രോഗലക്ഷണമുള്ളവരെ തടയും. മാസ്‌കും സാനിറ്റൈസറുമൊക്കെയായി മഞ്ഞപ്പടയ്ക്ക് ഫറ്റോർഡ സ്റ്റേഡിയത്തിലേക്ക് കയറിച്ചെല്ലാം.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി ഫൈനലിന് ഇനി രണ്ട് നാൾ മാത്രമാണ് അവശേഷിക്കുന്നത്. ഫൈനലിലെ ടീമിനെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമായ അവസാനവട്ട പരിശീലനം ഇന്നും നാളെയുമായി നടക്കും. നാളെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് മാധ്യമങ്ങളെ കാണും. രണ്ടാംപാദ സെമിയിൽ കളിക്കാതിരുന്ന മലയാളി താരം സഹൽ അബ്ദുല്‍ സമദ് ഫൈനലിൽ കളിക്കുമോയെന്ന് ഉറപ്പില്ല.
ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ആര് കിരീടം നേടിയാലും ഐഎസ്എല്ലില്‍ ഇത്തവണ പുതിയ ചാമ്പ്യനെ ലഭിക്കും. സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.
ISL 2021-22 : മഞ്ഞപ്പടയ്‌ക്ക് ആവേശത്തില്‍ ആറാടാം; അക്കാര്യം സമ്മതിച്ച് ഹൈദരാബാദ് എഫ്‌സി കോച്ച്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!