
പനാജി: ഐഎസ്എല്ലിൽ (ISL 2021-22) ഹൈദരാബാദ് എഫ്‌സി ഇന്ന് എടികെ മോഹൻ ബഗാനെ (Hyderabad FC vs ATK Mohun Bagan) നേരിടും. ഗോവയിൽ (GMC Athletic Stadium) വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിലെ വിജയക്കുതിപ്പ് തുടരാനാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഐഎസ്എല്ലിൽ 50 ഗോളെന്ന നേട്ടത്തിലെത്താൻ ഒറ്റ ഗോൾകൂടി മതി ഹൈദരാബാദിന്‍റെ നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബചേയ്‌ക്ക് (Bartholomew Ogbeche).
പ്ലേ ഓഫിനരികെ എത്തിനിൽക്കുകയാണ് ഹൈദരാബാദ് എങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാൻ പൊരുതുകയാണ് എടികെ മോഹൻ ബഗാൻ. 14 കളിയിൽ 26 പോയിന്‍റുള്ള ഹൈദരാബാദ് ഒന്നും 12 കളിയിൽ 20 പോയിന്‍റുള്ള എടികെ ബഗാൻ ഏഴും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. ഹൈദരാബാദിന്‍റെ ഗോളടിവീരൻ ബർത്തലോമിയോ ഒഗ്ബചേയെ പിടിച്ചുകെട്ടുകയാവും എടികെ ബഗാന്‍റെ ഏറ്റവും വലിയ വെല്ലുവിളി. സീസണിൽ ഒഗ്ബചേ പതിനാല് ഗോൾ നേടിക്കഴിഞ്ഞു. അവസാന മൂന്ന് കളിയും ജയിച്ച ഹൈദരാബാദ് ആകെ 33 ഗോൾ നേടിയിട്ടുണ്ട്. വഴങ്ങിയത് 13 ഗോൾമാത്രം. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമും ഹൈദരാബാദാണ്.
രണ്ട് മത്സരം കുറിച്ച് കളിച്ച എടികെ മോഹന്‍ ബഗാൻ അവസാന എട്ട് കളിയിലും തോൽവി അറിഞ്ഞിട്ടില്ല. ആകെ 24 ഗോൾ കൊടുത്തപ്പോൾ ഇരുപതെണ്ണം വാങ്ങി. എടികെയിൽ തിരിച്ചെത്തിയ സന്ദേശ് ജിംഗാൻ ഇലനിലുണ്ടാവുമോയെന്ന് ഉറപ്പില്ല. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ എടികെ മോഹന്‍ ബഗാനും ഹൈദരാബാദും രണ്ട് ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള പോരാട്ടം ആരാധകര്‍ക്ക് ആവേശമാകുമെന്നുറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!