വൈരികളായ പാകിസ്ഥാനാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ എതിരാളികള്‍
മെല്‍ബണ്‍: ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ (2022 T20 World Cup) ഇന്ത്യ-പാകിസ്ഥാൻ (India vs Pakistan) മത്സരത്തിന്‍റെ ടിക്കറ്റുകൾ വിറ്റുതീർന്നു. ടിക്കറ്റ് വിൽപന തുടങ്ങി അഞ്ച് മണിക്കൂറിനകമാണ് അറുപതിനായിരം ടിക്കറ്റുകൾ വിറ്റുതീർന്നത്. ഒക്ടോബർ 23ന് മെൽബണിലാണ് (Melbourne cricket Ground) ഇന്ത്യ-പാകിസ്ഥാൻ (IND vs PAK) പോരാട്ടം. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ ഇന്ത്യയെ തോൽപിച്ചിരുന്നു. ഐസിസി ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ ആദ്യ ജയമായിരുന്നു ഇത്.
വൈരികളായ പാകിസ്ഥാനാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഇന്ത്യ-പാക് മത്സരം ഒക്ടോബര്‍ 23ന് വിഖ്യാതമായ മെല്‍ബണില്‍ നടക്കും. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പ് രണ്ടിലുണ്ട്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളേയും നേരിടണം. വിന്‍ഡീസും നമീബയും ഇന്ത്യയുടെ ഗ്രൂപ്പിലെത്തിയേക്കും.
യോഗ്യതാ റൗണ്ടില്‍ അടക്കം ആകെ 16 ടീമുകള്‍ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ശ്രീലങ്കയും സ്കോട്‌ലന്‍ഡും ഗ്രൂപ്പ് ഒന്നില്‍ ഇടംപിടിച്ചേക്കും. ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്. സെമി ഫൈനൽ സിഡ്‌നി, അഡ്‍ലെയ്‌ഡ് എന്നിവിടങ്ങളിലും ഫൈനല്‍ മെൽബണിലും നടക്കും.
