പക, അത് വീട്ടാനുള്ളതാണ്. 6-1 സ്കോര്‍കാര്‍ഡുമായെത്തിയ മുംബൈക്ക് മറുപടിയായി 3-0 ട്വീറ്റ് ചെയ്‌ത് ബ്ലാസ്റ്റേഴ്‌സ്.

ഫത്തോര്‍ഡ: ഐഎസ്എല്ലില്‍ (ISL 2021-22) മുംബൈ സിറ്റിയുടെ (Mumbai City Fc) അവഹേളനപരമായ പോസ്റ്റിന് ചുട്ട മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters Fc). ഫത്തോര്‍ഡ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് 3-0ന് ജയിച്ച സ്കോര്‍ബോര്‍ഡിന്‍റെ ചിത്രം ക്ലബ് ഇന്നലത്തെ മത്സരശേഷം ട്വീറ്റ് ചെയ്തു. 2018ൽ ബ്ലാസ്റ്റേഴ്‌സിനെ 6-1ന് തോൽപ്പിച്ചതിന്‍റെ സ്കോര്‍കാര്‍ഡ് പോസ്റ്റ് ചെയ്‌ത മുംബൈ സിറ്റിക്ക് നൽകിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. 

പക, അത് വീട്ടാനുള്ളതാണെന്ന് പറയുകയാണ് മഞ്ഞപ്പട ആരാധകര്‍. പണ്ടത്തെ ഏതോ കണക്കുംപറഞ്ഞ് മഞ്ഞപ്പടയെ തോണ്ടാനെത്തിയ മുംബൈയിലെ വമ്പന്മാരുടെ ഹുങ്ക് തകര്‍ക്കുകയായിരുന്നു ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നും രണ്ടുമല്ല എണ്ണം പറഞ്ഞ മൂന്നടി മുംബൈയുടെ ഉറക്കംകെടുത്തി. എക്‌സ്‌ട്രായായി ഒരു റെഡ് കാര്‍ഡും മുംബൈക്ക് കിട്ടി. ഒരു ജയത്തിൽ മതി മറക്കരുതെന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പരിശീലകനാണ് വുകാമനോവിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്‍റെ ഈ ജയത്തിന് മഞ്ഞപ്പട ആരാധകര്‍ക്ക് മധുരമേറെ. മുംബൈ സിറ്റി എഫ്‌സിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധി ആരാധകര്‍ മലയാളത്തില്‍ കമന്‍റുകളുമായി പ്രത്യക്ഷ്യപ്പെട്ടു.

Scroll to load tweet…

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ക്കുകയായിരുന്നു. 27-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുൽ സമദ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 47-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വെസ് ലീഡുയര്‍ത്തി. 50-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ വീഴ്ത്തിയ മോര്‍ത്താദ ഫോള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് മുംബൈക്ക് പ്രഹരമായി. പെനാൽറ്റി ഗോളാക്കിയ ഹോര്‍ഗെ പെരേര ഡയസ് മഞ്ഞപ്പടയ്‌ക്കായി ജയം പൂര്‍ത്തിയാക്കി.

ആറ് കളിയിൽ ഒന്‍പത് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. മുംബൈക്കെതിരെ 2018 ജനുവരിക്ക് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നത്. 

Kerala Blasters : മഞ്ഞപ്പട ഹാപ്പിയാണ്, കോച്ചും; ബ്ലാസ്‌റ്റേഴ്‌സിന്റേത് അഭിമാന വിജയമെന്ന് വുകോമനോവിച്ച്