
ഫറ്റോര്‍ദ: ഐഎസ്എൽ(ISL 2021-22) ആദ്യപാദ സെമിഫൈനലിൽ ജംഷഡ്പൂർ എഫ് സ-കേരള ബ്ലാസ്റ്റേഴ്സ്(Jamshedpur FC vs Kerala Blasters) മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. 39-ാം മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.
ആദ്യപകുതിയില്‍ ആക്രമണങ്ങള്‍ നയിച്ച ജംഷഡ്‌പൂര്‍ നിരവധി ഗോളിന് അടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. ആദ്യനിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സാണ് ജംഷഡ്പൂരിന്‍റെ ഗോള്‍മുഖത്തെത്തിയത്. എന്നാല്‍ അധികം വൈകാതെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ജംഷഡ്പൂർ പത്താം മിനിറ്റില്‍ ഡാനിയേല്‍ ചീമയിലൂടെ ഗോളിന് തൊട്ടുത്തെത്തി.
ഡങ്കല്‍ ബോക്സിലേക്ക് ഹെഡ് ചെയ്ത് നല്‍കിയ പന്തില്‍ ചീമ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പതിനേഴാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് എടുത്ത ഫ്രീ കിക്കില്‍ പീറ്റര്‍ ഹാര്‍ട്‌ലിയുടെ ഷോട്ട് പ്രഭ്ശുബാന്‍ ഗില്‍ അനായാസം കൈയിലൊതുക്കി. പിന്നീട് ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ജംഷഡ്‌പൂര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിച്ചു. 20ാം മിനിറ്റിലും ചീമ ലക്ഷ്യത്തിലേക്ക് പന്തടിച്ചുവെങ്കിലും വീണ്ടും ലക്ഷ്യം തെറ്റി.
26-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണറിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി ഗോള്‍ മണത്തത്. ലൂണയുടെ കോര്‍ണര്‍ പേരേര ഡയസിന്‍റെ തലപ്പാകത്തില്‍ എത്തിയെങ്കിലും അതിനു മുമ്പെ പീറ്റര്ഡ ഹാര്‍ട്‌ലി അപകടം ഒഴിവാക്കി. കൂളിംഗ് ബ്രേക്കിന് ശേഷം ജംഷഡ്‌പൂര്‍ വീണ്ടും ഗോളിന് അടുത്തെത്തി. ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് ഗ്രെഗ് സ്റ്റുവര്‍ട്ട് തന്ത്രപരമായി എടുത്തപ്പോള്‍ മൊബാഷിര്‍ ഗോളിലേക്ക് ലക്ഷ്യ വെച്ചെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ പുറത്തുപോയി.
ഇതിന് പിന്നാലെയാണ് സഹല്‍ ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിച്ച് മഞ്ഞപ്പടയെ ആവേശത്തില്‍ ആറാടിച്ചത്. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തി അടിച്ച പന്ത് ബോക്സിലേക്ക് ഓടിക്കയറിയ സഹല്‍ ജംഷഡ്‌പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന്‍റെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് ബ്ലാസ്റ്റേഴ്സിനെ ഒരടി മുന്നിലെത്തിച്ചു. സീസണില്‍ സഹലിന്‍റെ ആറാം ഗോളാണിത്. ആദ്യ പകുതിയില്‍ സമനില ഗോളിനായുള്ള ജംഷഡ്‌പൂരിന്‍റെ ശ്രമങ്ങളെ പിന്നീട് ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി പ്രതിരോധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!