ISL 2021-22: ഇഞ്ചുറി ടൈമില്‍ ഹൃദയം തകര്‍ത്ത് സമനില ഗോള്‍, എടികെക്കെതിരെ വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്

Published : Feb 19, 2022, 09:49 PM ISTUpdated : Feb 19, 2022, 09:52 PM IST
ISL 2021-22: ഇഞ്ചുറി ടൈമില്‍ ഹൃദയം തകര്‍ത്ത് സമനില ഗോള്‍, എടികെക്കെതിരെ വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്

Synopsis

ആദ്യ പകുതിയുടെ തുടക്കത്തില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രി കിക്ക് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ തൊട്ടടുത്ത നിമിഷം നടത്തിയ പ്രത്യാക്രമണത്തില്‍ ഡേവിഡ് വില്യംസിന്‍റെ ഗോളിലൂടെ എടികെ സമനിലയില്‍ തളച്ചു. രണ്ടാം പകുതിയില്‍ ബോക്സിനകത്തു നിന്ന് ലൂണ നേടിയ മഴവില്‍ ഗോളില്‍ വീണ്ടും മുന്നിലെത്തിയ മഞ്ഞപ്പടയെ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം(90+7)മിനിറ്റില്‍ ജോണി കൗക്കോ നേടിയ ഗോളില്‍ എടികെ സമനിലയില്‍ തളക്കുകയായിരുന്നു.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-22) വിജയമുറപ്പിച്ച മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് എടികെ മോഹന്‍ ബഗാനെതിരെ (Kerala Blasters vs ATK Mohun Bagan) )സമനില. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ച മത്സരത്തില്‍ രണ്ടാം പകുതിയില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഡേവിഡ് വില്യംസും ജോണി കൗക്കോയുമായിരുന്നു എടികെയുടെ സ്കോറര്‍മാര്‍.

ആദ്യ പകുതിയുടെ തുടക്കത്തില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രി കിക്ക് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ തൊട്ടടുത്ത നിമിഷം നടത്തിയ പ്രത്യാക്രമണത്തില്‍ ഡേവിഡ് വില്യംസിന്‍റെ ഗോളിലൂടെ എടികെ സമനിലയില്‍ തളച്ചു. രണ്ടാം പകുതിയില്‍ ബോക്സിനകത്തു നിന്ന് ലൂണ നേടിയ മഴവില്‍ ഗോളില്‍ വീണ്ടും മുന്നിലെത്തിയ മഞ്ഞപ്പടയെ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം(90+7)മിനിറ്റില്‍ ജോണി കൗക്കോ നേടിയ ഗോളില്‍ എടികെ സമനിലയില്‍ തളക്കുകയായിരുന്നു.

നാടകീയമായ രണ്ടാം പകുതിയുടെ അവസാന നിമിഷം സമനില ഗോളിനായി എടികെയും വിജയത്തിനായി ബ്ലാസ്റ്റേഴ്സും പൊരുതിയതോടെ റഫറിക്ക് നിരവധി കാര്‍ഡുകള്‍ പുറത്തേടുക്കേണ്ടിവന്നു. ഇഞ്ചുറി ടൈമില്‍ എടികെയുടെ പ്രബീര്‍ ദാസ് ചുവപ്പു കാര്‍ഡ് കണ്ടപ്പോള്‍ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം റഫറിയോട് കയര്‍ത്തതിന് സൈഡ് ബെഞ്ചിലിരിക്കുകയായിരുന്ന ബ്ലാസ്റ്റേഴ്സിന്‍റെ ജോര്‍ജെ പെരേര ഡയസിനും എടികെയുടുെ കോച്ചിംഗ് സ്റ്റാഫിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു.

സമനിലയോടെ 16 കളികളില്‍ 27 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തുടരുമ്പോള്‍ തോല്‍വിയുടെ വക്കില്‍ നിന്ന് നേടിയ സമനില 30 പോയന്‍റുള്ള എടികെയെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ ലീഡില്‍ നില്‍ക്കെ വാസ്ക്വസ് നല്‍കിയ പാസില്‍ വിന്‍സി ബാരെറ്റോ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് എടികെയുടെ പോസ്റ്റില്‍ തട്ടി മടങ്ങിയത് മഞ്ഞപ്പടയുടെ നിര്‍ഭാഗ്യമായി.

കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ-പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞതോടെ മത്സരം ആവേശകരമായി. രണ്ടാം മിനിറ്റില്‍ ത്രൂ ബോളില്‍ നിന്ന് എടികെയുടെ ഡേവിഡ് വില്യംസ് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകട ഭീഷണി ഉയര്‍ത്തിയെങ്കിലും അഡ്രിയാന്‍ ലൂണയുടെ ഇടപെടലില്‍ മഞ്ഞപ്പട രക്ഷപ്പെട്ടു. ആറാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്തുവെച്ച് സഹല്‍ അബ്ദുള്‍ സമദിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി റഫറി ഫ്രീ കിക്ക് വിധിച്ചു. കിക്കെടുത്ത ലൂണ എടികെ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലാക്കി.

എന്നാല്‍ ഗോളടിച്ചതിന്‍റെ ആഘോഷം തീരും മുമ്പെ എടികെ സമനില പിടിച്ചു. ആദ്യ ഗോളിന് പിന്നാലെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഡേവിഡ് വില്യംസിന്‍റെ മനോഹരമായ ഫിനിഷിംഗില്‍ എടികെ ഒപ്പമെത്തി. ലിസ്റ്റണ്‍ കൊളാസോ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് പലവട്ടം അപകട ഭീഷണിയുമായെത്തി. 23-ാം മിനിറ്റില്‍ ലൂണയുടെ പാസില്‍ നിന്ന് പെരേര ഡയസ് തൊടുത്ത മഴവില്‍ ഷോട്ട് അമ്രീന്ദറിന്‍റെ വിരല്‍ത്തുമ്പില്‍ തട്ടി പുറത്തുപോയി.

28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് എടികെക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും കൊളോസോയുടെ കിക്ക് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. ഡ്രിങ്ക് ബ്രേക്കിനുശേഷം ലിസ്റ്റണ്‍ കൊളോസോ വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് എത്തി. പന്തുമായി പ്രതിരോധനിരയെയും കബളിപ്പിച്ച് ഒറ്റക്ക് മുന്നേറിയ കൊളോസോ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്‌ശുഭ്മാന്‍ ഗില്‍ രക്ഷപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

38-ാം മിനിറ്റില്‍ ബോക്സിനകത്തുനിന്നു പ്യൂട്ടി തൊട്ടുത്ത ഷോട്ട് അമ്രീന്ദറിന്‍റെ കൈകകളിലും പോസ്റ്റിലും തട്ടി പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.41-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് എടികെക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും കൊളോസോ തൊടുത്ത ഷോട്ട് ഗില്‍ അനായാസം കൈയിലൊതുക്കി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കൊളോസോക്ക് ലഭിച്ച സുവര്‍ണാവസരം നഷ്ടമായത് ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയായി.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും