ISL 2021-22: കൊണ്ടും കൊടുത്തും എടികെയും ബ്ലാസ്റ്റേഴ്സും, ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം

Published : Feb 19, 2022, 08:35 PM IST
ISL 2021-22: കൊണ്ടും കൊടുത്തും എടികെയും ബ്ലാസ്റ്റേഴ്സും, ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം

Synopsis

ഗോളടിച്ചതിന്‍റെ ആഘോഷം തീരും മുമ്പെ എടികെ സമനില പിടിച്ചു. ആദ്യ ഗോളിന് പിന്നാലെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഡേവിഡ് വില്യംസിന്‍റെ മനോഹരമായ ഫിനിഷിംഗില്‍ എടികെ ഒപ്പമെത്തി.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍( Kerala Blasters vs ATK Mohun Bagan) മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍. ഏഴാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ(Adrian Luna) ഫ്രീ കിക്ക് ഗോളില്‍ മുന്നിലെത്തി ബ്ലാസ്റ്റേഴ്സിനെ തൊട്ടടുത്ത നിമിഷം പ്രത്യാക്രമത്തിലൂടെ ഡേവിഡ് വില്യംസ്(David Williams) സമനില സമ്മാനിച്ചു.

കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ-പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞതോടെ മത്സരം ആവേശകരമായി. രണ്ടാം മിനിറ്റില്‍ ത്രൂ ബോളില്‍ നിന്ന് എടികെയുടെ ഡേവിഡ് വില്യംസ് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകട ഭീഷണി ഉയര്‍ത്തിയെങ്കിലും അഡ്രിയാന്‍ ലൂണയുടെ ഇടപെടലില്‍ മഞ്ഞപ്പട രക്ഷപ്പെട്ടു. ആറാം മിനിറ്റില്‍ ബോക്സിന് തൊട്ടുപുറത്തുവെച്ച് സഹല്‍ അബ്ദുള്‍ സമദിനെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി റഫറി ഫ്രീ കിക്ക് വിധിച്ചു. കിക്കെടുത്ത ലൂണ എടികെ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലാക്കി.

എന്നാല്‍ ഗോളടിച്ചതിന്‍റെ ആഘോഷം തീരും മുമ്പെ എടികെ സമനില പിടിച്ചു. ആദ്യ ഗോളിന് പിന്നാലെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഡേവിഡ് വില്യംസിന്‍റെ മനോഹരമായ ഫിനിഷിംഗില്‍ എടികെ ഒപ്പമെത്തി. ലിസ്റ്റണ്‍ കൊളാസോ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് പലവട്ടം അപകട ഭീഷണിയുമായെത്തി. 23-ാം മിനിറ്റില്‍ ലൂണയുടെ പാസില്‍ നിന്ന് പെരേര ഡയസ് തൊടുത്ത മഴവില്‍ ഷോട്ട് അമ്രീന്ദറിന്‍റെ വിരല്‍ത്തുമ്പില്‍ തട്ടി പുറത്തുപോയി.

28-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് എടികെക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും കൊളോസോയുടെ കിക്ക് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. ഡ്രിങ്ക് ബ്രേക്കിനുശേഷം ലിസ്റ്റണ്‍ കൊളോസോ വീണ്ടും ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് എത്തി. പന്തുമായി പ്രതിരോധനിരയെയും കബളിപ്പിച്ച് ഒറ്റക്ക് മുന്നേറിയ കൊളോസോ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്‌ശുഭ്മാന്‍ ഗില്‍ രക്ഷപ്പെടുത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

38-ാം മിനിറ്റില്‍ ബോക്സിനകത്തുനിന്നു പ്യൂട്ടി തൊട്ടുത്ത ഷോട്ട് അമ്രീന്ദറിന്‍റെ കൈകകളിലും പോസ്റ്റിലും തട്ടി പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.41-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് എടികെക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും കൊളോസോ തൊടുത്ത ഷോട്ട് ഗില്‍ അനായാസം കൈയിലൊതുക്കി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കൊളോസോക്ക് ലഭിച്ച സുവര്‍ണാവസരം നഷ്ടമായത് ബ്ലാസ്റ്റേഴ്സിനും തിരിച്ചടിയായി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ