
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ഈസ്റ്റ് ബംഗാളാണ് (SC East Bengal) എതിരാളികൾ. കാത്തുകാത്തിരുന്ന് കിട്ടിയ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പതിനൊന്ന് മത്സരങ്ങൾക്കൊടുവിൽ കരുത്തരായ ഒഡിഷയെ ഒന്നിനെതിരെ രണ്ട് ഗോളിന് കഴിഞ്ഞ മത്സരത്തില്‍ മറികടക്കുകയായിരുന്നു.
ലൂണ കാര്യങ്ങള്‍ തീരുമാനിക്കും
പിഴവുകൾ തിരുത്തി മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധവും മധ്യനിരയും സെറ്റായിക്കഴിഞ്ഞു. അഡ്രിയൻ ലൂണ ഒരുക്കുന്ന അവസരങ്ങൾ മുന്നേറ്റനിരയ്ക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ എളുപ്പമാവും.
പരിക്കേറ്റ ഗോളി അൽബിനോ ഗോമസിന് പകരം പ്രഭ്സുഖൻ ഗില്ലായിരിക്കും ഗോൾവലയം കാക്കുക. സീസണിൽ ഇതുവരെ ജയം നേടാത്ത ഏക ടീമാണ് ഈസ്റ്റ് ബംഗാൾ. അഞ്ച് കളിയിൽ മൂന്ന് തോൽവിയും രണ്ട് സമനിലയും ഫലം. എട്ട് ഗോൾ നേടിയപ്പോൾ 14 ഗോൾ വഴങ്ങിയതാണ് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായത്. നേടിയത് എട്ട് ഗോളും. ബ്ലാസ്റ്റേഴ്‌സ് അഞ്ച് ഗോൾ നേടിയപ്പോൾ ആറെണ്ണം വഴങ്ങി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയ രണ്ട് കളിയും ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.
എടികെ-ചെന്നൈയിന്‍ സമനില
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും ചെന്നൈയിന്‍ എഫ്‌സിയും ഒരു ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞു. 18-ാം മിനിറ്റില്‍ ലിസ്റ്റൺ കൊളാസോ ആണ് എടികെ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചത്. 45-ാം മിനിറ്റില്‍ വ്ലാദിമിര്‍ കോമാന്‍ സമനില ഗോള്‍ നേടി. സീസണിൽ തോൽവി അറിയാത്ത ഏക ടീമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയ ചെന്നൈയിന്‍ നാല് കളിയിൽ 8 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്. അഞ്ച് കളിയിൽ 7 പോയിന്‍റുളള എടികെ മോഹന്‍ ബഗാന്‍ ആറാം സ്ഥാനത്തും.
ഗോവയ്‌ക്ക് രണ്ടാം ജയം
അതേസമയം എഫ്‌സി ഗോവ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. മുന്‍ ചാമ്പ്യന്മാരായ ബെംഗളുരു എഫ്‌സിയെ ഒന്നിനെതിരെ
രണ്ട് ഗോളിനാണ് ഗോവ തോൽപ്പിച്ചത്. 16-ാം മിനിറ്റില്‍ ആഷിഖിന്‍റെ ഓൺഗോളിൽ ഗോവ മുന്നിലെത്തി. 45-ാം മിനിറ്റില്‍ ക്ലെയ്റ്റൺ സിൽവ ബിഎഫ്‌സിക്കായി ഗോൾ മടക്കി. 70-ാം മിനിറ്റിൽ ദേവേന്ദ്രയാണ് ഗോവയുടെ വിജയഗോൾ നേടിയത്. ആറ് കളിയില്‍ നാലാം തോൽവി വഴങ്ങിയ ബെംഗളൂരു പത്താം സ്ഥാനത്താണ്. ആറ് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ഗോവ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!