EPL : നാടകീയ ഫലങ്ങള്‍! വിവാദ ഗോളില്‍ സിറ്റി, അവസാനനിമിഷം ചെല്‍സി; യുണൈറ്റഡിനും ലിവര്‍പൂളിനും ആഴ്‌സനലിനും ജയം

By Web TeamFirst Published Dec 12, 2021, 7:56 AM IST
Highlights

75-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിജയ ഗോൾ നേടിയത്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) നിറംമങ്ങിയ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി (Manchester City) ഒന്നാം സ്ഥാനം നിലനിര്‍ത്തി. പൊരുതിക്കളിച്ച വൂള്‍വ്സിനെ (Wolves) മറുപടിയില്ലാത്ത ഒരു ഗോളിനാണ് സിറ്റി കീഴടക്കിയത്. വിവാദ പെനാൽറ്റിയിലൂടെയാണ് സിറ്റി ജയം സ്വന്തമാക്കിയത്. 63-ാം മിനിറ്റില്‍ മൗടീഞ്ഞോയുടെ കക്ഷത്തിൽ പന്ത് തട്ടിയതോടെ റഫറി സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത റഹീം സ്റ്റെര്‍ലിംഗ് (Raheem Sterling) പ്രീമിയര്‍ ലീഗിലെ തന്‍റെ നൂറാം ഗോള്‍ നേടി

ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ റൗള്‍ ജിമെനെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് വൂള്‍വ്സ് മത്സരം പൂര്‍ത്തിയാക്കിയത്. 55-ാം മിനിറ്റിലെ കോഡിയുടെ ഗോള്‍ലൈന്‍ സേവിന് പിന്നാലെ സിറ്റി ജയം ഉറപ്പിച്ച ഗോള്‍ നേടുകയായിരുന്നു. 16 കളിയിൽ 12-ാം ജയം നേടിയ സിറ്റി 38 പോയിന്‍റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 

റോണോ ഗോളില്‍ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയിച്ചു. നോർവിച്ച് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് തോൽപ്പിച്ചത്. 75-ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയ ഗോൾ നേടി. 27 പോയിന്‍റോടെ ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

ജയിച്ചുകയറി ലിവര്‍പൂളും 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ജയം. സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലകനായ ആസ്റ്റൺ വില്ലയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂൾ തോൽപ്പിച്ചത്. 67-ാം മിനിറ്റിൽ സൂപ്പര്‍താരം മുഹമ്മദ് സലായാണ് ഗോള്‍ നേടിയത്. സലായെ മിങ്സ് വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ. സീസണിൽ സലായുടെ 21-ാം ഗോള്‍ ആണിത്. ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് ലീഗില്‍ ആകെ 500 പോയിന്‍റ് പിന്നിട്ടതും മത്സരത്തിന്‍റെ സവിശേഷതയായി. 16 കളിയിൽ 37 പോയിന്‍റുമായി ലിവര്‍പൂൾ രണ്ടാം സ്ഥാനത്ത് തുടരും. 

നാടകീയ ജയവുമായി ചെല്‍സി

അതേസമയം ചെൽസി നാടകീയ ജയം സ്വന്തമാക്കി. ലീഡ്സിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. ഇഞ്ചുറിടൈമിന്‍റെ നാലാം മിനിറ്റില്‍ ജോര്‍ജിഞ്ഞോ വിജയ ഗോള്‍ നേടി. നേരത്തെ 58-ാം മിനിറ്റിലും ജോര്‍ജിഞ്ഞോ പെനാൽറ്റി ലക്ഷ്യത്തില്‍ എത്തിച്ചിരുന്നു. റൂഡിഗറിനെ വീഴ്ത്തിയതിനാണ് ചെൽസിക്ക് രണ്ട് പെനാൽറ്റിയും കിട്ടിയത്. 42-ാം മിനിറ്റില്‍ മേസൺ മൗണ്ട് ചെൽസിക്കായി ആദ്യ ഗോള്‍ നേടി. 28-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ മുന്നിലെത്തിയ ലീഡ്സിനായി ജെൽഹാര്‍ട് 83-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. 16 കളിയിൽ 36 പോയിന്‍റുമായി ചെൽസി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ആഴ്‌സനലിന് തകര്‍പ്പന്‍ ജയം 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ആഴ്സനലിന് തകര്‍പ്പന്‍ ജയം. സതാംപ്ടണിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്സനല്‍ തകര്‍ത്തത്. 21-ാംമിനിറ്റില്‍ ലക്കാസെറ്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 27-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒദെഗാര്‍ഡ് ലീഡ് ഉയര്‍ത്തി. 62-ാം മിനിറ്റില്‍ ഗബ്രിയേൽ ജയം പൂര്‍ത്തിയാക്കി. 16 കളിയിൽ 26 പോയിന്‍റാണ് ആഴ്സനലിന് ഉള്ളത്. അതേസമയം നായകന്‍ ഔബമയാങ് ഇല്ലാതെയാണ് ആഴ്സനല്‍ കളിക്കാനിറങ്ങിയത്. അച്ചടക്കടനടപടിയുടെ ഭാഗമായാണ് താരത്തെ മാറ്റിനിര്‍ത്തിയതെന്ന് പരിശീലകന്‍ പറഞ്ഞു. എന്നാൽ കൂടുതൽ വിശദീകരണം നൽകാനോ വിലക്ക് എത്ര കളിയിലേക്കാണെന്ന് വ്യക്തമാക്കാനോ ആര്‍റ്റെറ്റ തയ്യാറായില്ല. 

ISL : സെല്‍ഫ് ഗോള്‍, രണ്ട് ചുവപ്പു കാര്‍ഡ്; ഒടുവില്‍ ബെംഗലൂരുവിനെ വീഴ്ത്തി ഗോവ

click me!