
കൊച്ചി: ഐഎസ്എല്‍(ISL 2021-22) ഒന്നാം സെമി ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നാളെ ജംഷഡ്‌പൂര്‍ എഫ്‌സിയെ(Kerala Blastsers vs Jamshedpur FC) നേരിടാനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പുറത്ത് കളി കാണാന്‍ ആരാധകരെ ക്ഷണിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. സ്റ്റേഡിയത്തിന് പുറത്തൊരുക്കുന്ന വമ്പന്‍ സ്ക്രീനില്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള സൗകര്യമാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള റോഡിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ഫാന്‍ പാര്‍ക്ക് ഒരുക്കുന്നത്.സ്റ്റേഡിയം റോഡിലൊരുക്കുന്ന വലിയ സ്ക്രീനില്‍ വൈകിട്ട് അഞ്ചര മുതല്‍ മത്സത്തിന്‍റെ ലൈവ് സ്ട്രീമിംഗ് തുടങ്ങും.
കൊവിഡ് കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്ലാസ്റ്റേഴ്സിനായി ആര്‍പ്പുവിളിക്കാന്‍ കലൂരിലെ സ്റ്റേഡിയത്തിലെത്താന്‍ കഴിയാത്ത ആരാധകര്‍ക്ക് ഒത്തുകൂടാനുള്ള സുവര്‍ണാവസരം കൂടിയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ഒരുക്കുന്നത്. നിരാശാജനകമായ സീസണുകള്‍ക്കുശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്.
സെമിയില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ജംഷഡ്‌പൂര്‍ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ മാത്രമാണ് വേദി. ഈ സാഹചര്യത്തിലാണ് ആരാധകരെ മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്സ് ക്ഷണിക്കുന്നത്.
ഈ സീസണില്‍ ആരാധകര്‍ക്ക് മുമ്പില്‍ ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയാഞ്ഞത് വലിയ നിരാശയാണെന്നും അടുത്ത സീസണില്‍ അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞിരുന്നു. കരുത്തരായ ജംഷഡ്‌പൂരിനെതിരെ പ്ലേ ഓഫ് കളിക്കുന്നതിന്‍റെ സമ്മര്‍ദ്ദമില്ലെന്നും ഫുട്ബോള്‍ ആസ്വദിച്ചു കളിക്കേണ്ടതാണെന്നും പറഞ്ഞ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് ഇതുവരെ ശ്രമിച്ചതും അതിനാണെന്നും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!