ISL 2021-22 : ഐഎസ്എല്ലില്‍ കൊൽക്കത്ത ഡെര്‍ബി; ഉയരാന്‍ എടികെ മോഹന്‍ ബഗാന്‍

By Web TeamFirst Published Jan 29, 2022, 10:28 AM IST
Highlights

2019 ജനുവരിയിലാണ് ഈസ്റ്റ് ബംഗാള്‍ അവസാനം കൊൽക്കത്ത ഡെര്‍ബിയിൽ ജയിക്കുന്നത്

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് കൊൽക്കത്ത ഡെര്‍ബി (Kolkata Derby). എടികെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും (ATK Mohun Bagan vs East Bengal) രാത്രി ഏഴരയ്ക്ക് നേര്‍ക്കുനേര്‍ വരും. 10 കളിയിൽ 16 പോയിന്‍റുമായി എടികെ എട്ടാമതും 13 കളിയിൽ 9 പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തുമാണ്. സസ്പെന്‍ഷന് ശേഷം ഹ്യൂഗോ ബൗമോ (Hugo Boumous) തിരിച്ചെത്തുന്നത് എടികെയ്ക്ക് നേട്ടമാകും. 

2019 ജനുവരിയിലാണ് ഈസ്റ്റ് ബംഗാള്‍ അവസാനം കൊൽക്കത്ത ഡെര്‍ബിയിൽ ജയിക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള മൂന്ന് മത്സരങ്ങളില്‍ എടികെ എട്ട് ഗോളും ഈസ്റ്റ് ബംഗാൾ ഒരു ഗോളും ആണ് നേടിയിട്ടുള്ളത്. 

വെറ്ററന്‍ ഗോളി സുബ്രതോ പോളിനെ എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയതും ഐഎസ്എല്ലിലെ വാര്‍ത്തയാണ്. ഹൈദരാബാദ് എഫ്സിയിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണ് സുബ്രതോ കൊൽക്കത്തന്‍ ടീമിലെത്തുന്നത്. സീസണിന് അവസാനം വരെയാണ് കരാര്‍. എടികെ, ഹൈദരാബാദ് ടീമുകള്‍ ട്വിറ്ററിലൂടെ താരക്കൈമാറ്റം സ്ഥിരീകരിച്ചു. 17 വര്‍ഷം മുന്‍പ് മോഹന്‍ ബഗാനിലൂടെയാണ് സുബ്രതോ പ്രൊഫഷണൽ കരിയര്‍ തുടങ്ങിയത്. 35കാരനായ താരം മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്‌പൂര്‍ എഫ്‌സി ടീമുകള്‍ക്കായും ഐഎസ്എല്ലിൽ കളിച്ചിട്ടുണ്ട്.  

ജംഷഡ്‌പൂര്‍ രണ്ടാമത്

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തോടെ ജംഷഡ്‌പൂര്‍ എഫ്‌‌സി രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. എഫ്സി ഗോവയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിക്കുകയായിരുന്നു. ലീഗില്‍ ജംഷഡ്‌പൂരിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ജംഷഡ്‌പൂരിനായി അരങ്ങേറ്റ മത്സരം കളിച്ച ഡാനിയേൽ ചിമ ചുക്വു ആണ് നിര്‍ണായക ഗോള്‍ നേടിയത്. 49-ാം മിനിറ്റില്‍ നൈജീരിയന്‍ സ്ട്രൈക്കര്‍ വല ചലിപ്പിക്കുകയായിരുന്നു. മലയാളി ഗോളി ടി പി രഹനേഷ് ആണ് ഹീറോ ഓഫ് ദ് മാച്ച്. 

Cristiano Ronaldo : ഓൾഡ് ട്രഫോഡ് ഇറങ്ങിവന്നപോലെ; ക്രിസ്റ്റ്യാനോയ്‌ക്ക് ദുബൈ എക്സ്പോയില്‍ ആവേശവരവേല്‍പ്

click me!