
ദുബൈ: ആവേശത്തിരയിളക്കി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ദുബൈ എക്സ്പോ (Expo 2020 Dubai) വേദിയിലെത്തി. ദുബൈയുടെ (Dubai) നേട്ടങ്ങള്‍ അതിശയിപ്പിക്കുന്നതാണെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.
അൽവസ്ൽ ഡോമിൽ തിങ്ങിക്കൂടിയ ആയിരങ്ങൾക്ക് നടുവിലേക്ക് ആവേശത്തിന്‍റെ ബൈസൈക്കള്‍ കിക്കുമായി സൂപ്പര്‍ താരത്തിന്‍റെ മാസ് എന്‍ട്രിയായിരുന്നു ഏറ്റവും ആകര്‍ഷണം. വേദിയിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആര്‍പ്പുവിളികളോടെ ആരാധകക്കൂട്ടം എതിരേറ്റു. 192 രാജ്യങ്ങളിലുള്ളവര്‍ പ്രിയതാരത്തെക്കാണാന്‍ എക്‌സ്‌പോ വേദിയിലെത്തിയതായി സംഘാടകര്‍ അറിയിച്ചപ്പോള്‍ അവരാണ് തന്‍റെ ശക്തിയും ഊർജവും എന്നായിരുന്നു സിആര്‍7ന്‍റെ മറുപടി.
ഇത് തന്‍റെ ഇഷ്ട നഗരം, ദുബൈ ചെയ്യുന്നതെന്തും അതിശയകരവും ആകര്‍ഷണവുമാണ്. അതുകൊണ്ട് ഈ നാടിന്‍റെ നേട്ടങ്ങളില്‍ ഒരല്‍ഭുതവുമില്ല എന്നായിരുന്നു എക്‌സ്‌പോയെക്കുറിച്ചുള്ള പ്രതികരണം.
റൊണാൾഡോയുടെ പോർച്ചുഗലിലെയും മാഞ്ചസ്റ്റർ യുണൈറ്റഡിലെയും റയൽ മാഡ്രിഡിലേയും ജേഴ്സിയണിഞ്ഞാണ് ഭൂരിപക്ഷം പേരും എത്തിയത്. ഓട്ടോഗ്രാഫ് ഒപ്പുവെച്ചും സെൽഫിയെടുത്തും ആരാധകര്‍ക്കൊപ്പം ചേർന്നതോടെ സാന്‍റിയാഗോ ബർണബ്യൂവിലെയും ഓൾഡ് ട്രഫോഡിലേയും കാണികളെ പോലെ അവരും താളത്തിൽ ആർത്തുവിളിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!