ISL 2021-22 : മന്‍വീര്‍ സിംഗിന്‍റെ ഇരട്ട ഗോള്‍; എഫ്‌സി ഗോവയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍

Published : Feb 15, 2022, 09:42 PM ISTUpdated : Feb 15, 2022, 09:50 PM IST
ISL 2021-22 : മന്‍വീര്‍ സിംഗിന്‍റെ ഇരട്ട ഗോള്‍; എഫ്‌സി ഗോവയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍

Synopsis

മന്‍വീര്‍ സിംഗിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് എടികെ മോഹന്‍ ബഗാന്‍ കളത്തിലിറങ്ങിയത്

പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) എഫ്‌സി ഗോവയെ (FC Goa) എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍റെ (ATK Mohun Bagan) കുതിപ്പ്. ഇരട്ട ഗോളുമായി മന്‍വീര്‍ സിംഗ് (Manvir Singh) സംഹാരതാണ്ഡവമാടിയപ്പോള്‍ അനായാസ ജയം കൊയ്യുകയായിരുന്നു എടികെ. നാല് ഷോട്ടുകളുതിര്‍ത്തപ്പോള്‍ നിര്‍ഭാഗ്യത്തിനാണ് മന്‍വീറിന് ഹാട്രിക് നഷ്‌ടമായത്. മന്‍വീറാണ് ഹീറോ ഓഫ് ദ് മാച്ച്. 

മൂന്നാം മിനുറ്റില്‍ മന്‍വീര്‍

മന്‍വീര്‍ സിംഗിനെ ആക്രമണത്തിന് നിയോഗിച്ച് 4-2-3-1 ശൈലിയിലാണ് എടികെ മോഹന്‍ ബഗാന്‍ കളത്തിലിറങ്ങിയത്. ഓര്‍ട്ടിസിനെ സ്‌ട്രൈക്കറാക്കി എഫ്‌സി ഗോവയും 4-2-3-1 ശൈലി സ്വീകരിച്ചു. ജിഎംസി സ്റ്റേഡിയത്തില്‍ കിക്കോഫായി മൂന്നാം മിനുറ്റില്‍ തന്നെ മന്‍വീര്‍ എടികെയെ മുന്നിലെത്തിച്ചു. ലിസ്റ്റണ്‍ കൊളാക്കോയുടേതായിരുന്നു അസിസ്റ്റ്. ലിസ്റ്റണിന്‍റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു മന്‍വീര്‍. 

24-ാം മിനുറ്റില്‍ എടികെ മിഡ്‌ഫീല്‍ഡര്‍ ദീപക് താങ്‌രി മഞ്ഞക്കാര്‍ഡ് കണ്ടു. പിന്നാലെ ഗോവയ്‌ക്ക് സുവര്‍ണാവസരങ്ങള്‍ കിട്ടിയെങ്കിലും ഓര്‍ട്ടിസിന് വലയിലെത്തിക്കാനായില്ല. 34-ാം മിനുറ്റില്‍ അന്‍വര്‍ അലിയുടെ തകര്‍പ്പന്‍ ഷോട്ട് അമരീന്ദര്‍ രക്ഷപ്പെടുത്തി. പിന്നാലെ മൈതാനത്തെ ഫ്ലഡ്‌ലൈറ്റ് കളി അല്‍പമൊന്ന് രസംകൊല്ലിയാക്കി. ആദ്യപകുതി എടികെയുടെ ലീഡോടെ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയുടെ തുടക്കവും കേങ്കേമമായി. 

വെറും 14 സെക്കന്‍ഡ്!

രണ്ടാംപകുതിയിലും തുടക്കത്തില്‍ തന്നെ മന്‍വീര്‍ ഗോള്‍ പേരിലാക്കി. രണ്ടാംപകുതിയാരംഭിച്ച് 14-ാം സെക്കന്‍ഡില്‍ റോഡ്രിഗസിന്‍റെ അസിസ്റ്റില്‍ മന്‍വീര്‍ ലക്ഷ്യം കാണുകയായിരുന്നു. തൊട്ടുപിന്നാലെ ഹാട്രിക് തികയ്‌ക്കാന്‍ മന്‍വീറിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ധീരജിന്‍റെ ജാഗ്രത ഗോവയുടെ രക്ഷയ്‌ക്കെത്തി. പിന്നാലെ ഗോവന്‍ മധ്യനിരതാരം ഗ്ലാന്‍ മാര്‍ട്ടിനസ് മഞ്ഞക്കാര്‍ഡ് കണ്ടു. മന്‍വീര്‍ സിംഗ് ഹാട്രിക് തികയ്‌ക്കുമോ എന്നതില്‍ മാത്രമായി പിന്നീടുള്ള ആകാംക്ഷയെങ്കിലും 79-ാം മിനുറ്റില്‍ ഒളിംപിക് ഗോളിനുള്ള അവസരം ലിസ്റ്റണ്‍ കൊളാക്കോയ്‌ക്ക് നിര്‍ഭാഗ്യം കൊണ്ട് നഷ്‌ടമായി. 

16 മത്സരങ്ങളില്‍ 29 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍. 15 മത്സരങ്ങളില്‍ 29 പോയിന്‍റ് തന്നെയുള്ള എടികെ രണ്ടാംസ്ഥാനത്ത് തുടരുന്നു. 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് മൂന്നാമത്. 

Champions League : ഫുട്‌ബോള്‍ ലോകം പാരീസിലേക്ക്; പിഎസ്ജിയിലെത്തിയ ശേഷം മെസി ആദ്യമായി റയലിനെതിരെ
 

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം