എല്ലാ കണ്ണുകളും പി എസ് ജിയുടെ മൈതാനത്തേക്കാണ്. ബാഴ്‌സലോണ വിട്ടതിന് ശേഷം ലിയോണല്‍ മെസി (Lionel Messi) ആദ്യമായി റയല്‍ മാഡ്രിഡിനെതിരെ ബൂട്ടുകെട്ടുകയാണ്.
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് (Champions League) ഫുട്‌ബോളില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. റയല്‍ മാഡ്രിഡ് (Real Madrid), പിഎസ്ജിയെ (PSG) നേരിടുമ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റിക്ക്, സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക. എല്ലാ കണ്ണുകളും പി എസ് ജിയുടെ മൈതാനത്തേക്കാണ്. ബാഴ്‌സലോണ വിട്ടതിന് ശേഷം ലിയോണല്‍ മെസി (Lionel Messi) ആദ്യമായി റയല്‍ മാഡ്രിഡിനെതിരെ ബൂട്ടുകെട്ടുകയാണ്.
റയലിന്റെ ആശങ്കയും പിഎസ്ജിയുടെ പ്രതീക്ഷയും ഇതുതന്നെ. പിഎസ്ജിയിലെ തുടക്കം മങ്ങിയെങ്കിലും അവസാന രണ്ടുമത്സരങ്ങളിലെ മെസ്സിയുടെ പ്രകടനം ആരാധകര്‍ക്കും ആവേശം പകരുന്നു. പരിക്കില്‍ നിന്ന് പൂര്‍ണായി മുക്തമാരാത്ത നെയ്മറും സെര്‍ജിയോ റാമോസും പിഎസ്ജി നിരയിലുണ്ടാവാന്‍ സാധ്യതയില്ല. കരീം ബെന്‍സേമയും ഫെര്‍ലാന്‍ഡ് മെന്‍ഡിയും പരിക്കുമാറിയെത്തിയ ആശ്വാസത്തിലാണ് റയല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചുഗോള്‍ നേടിയ മെസ്സിയെ പിടിച്ചുകെട്ടാനുള്ള ദൗത്യം ഇത്തവണയും കാസിമിറോയ്ക്ക് തന്നെയാവും.
പിഎസ്ജിയെപ്പോലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പോര്‍ട്ടിംഗിന്റെ മൈതാനത്താണ് ആദ്യപാദ പോരാട്ടത്തിനിറങ്ങുക. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ വീണ സിറ്റി വ്യക്തികളെ ആശ്രയിക്കാതെ മുന്നേറുന്ന ടീമാണ്. പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ കൂടിയാവുമ്പോള്‍ സിറ്റിയെ തടുത്തുനിര്‍ത്തുക സ്‌പോര്‍ട്ടിംഗിന് അത്ര എളുപ്പമാവില്ല. ബെര്‍ണാര്‍ഡോ സില്‍വ, റോഡ്രി, കെവിന്‍ ഡിബ്രൂയിന്‍, റിയാസ് മെഹറസ്, ഫില്‍ ഫോഡന്‍, റഹീം സ്റ്റെര്‍ലിംഗ് എന്നിവരെല്ലാം ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മിടുക്കര്‍.
സസ്‌പെന്‍ഷനിലായ കെയ്ല്‍ വാക്കറിന് പകരം ജോണ്‍ സ്റ്റോണ്‍സ് ടീമിലെത്തും. പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ നോര്‍വിച്ചിനെ തകര്‍ത്ത ആത്മവിശ്വാസവുമായാണ് പെപ് ഗാര്‍ഡിയോളയും സംഘവും സ്‌പോര്‍ട്ടിംഗിന്റെ മൈതാനത്തിറങ്ങുന്നത്.
