
മഡ്‌ഗാവ്: ഐഎസ്എല്ലിൽ(ISL 2021-22) നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി(Mumbai City) ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ എഫ്‌സി ഗോവയാണ്(FC Goa) എതിരാളികൾ. കഴിഞ്ഞ സീസണിലെ സെമിഫൈനലിൽ മുംബൈയോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ഗോവയിറങ്ങുന്നത്.
ചരിത്രം തിരുത്താന്‍ മുംബൈ
ഐഎസ്എല്ലിൽ കിരീടം നിലനിർത്താൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിക്കാൻ ഇറങ്ങുന്ന മുംബൈ സിറ്റിയുടെ പോരാട്ടങ്ങൾക്ക് തുടക്കമാവുന്നു. കോച്ച് സെർജിയോ ലൊബേറോയും ക്യാപ്റ്റൻ അമ്രീന്ദർ സിംഗും പ്ലേമേക്കർ ഹ്യൂഗോ ബൗമോയും ടീം വിട്ടതിനാൽ മുംബൈയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഡെസ് ബക്കിംഗ്ഹാമിന്‍റെ ശിക്ഷണത്തിൽ ഇറങ്ങുന്ന ചാമ്പ്യൻമാരെ നയിക്കുക മൗർതാഡ ഫാളായിരിക്കും. ഗോവയിൽ നിന്ന് റാഞ്ചിയ ഇഗോൾ അൻഗ്യൂലോയുടെ സ്കോറിംഗ് മികവിലേക്കാണ് മുംബൈ ഉറ്റുനോക്കുന്നത്.
യുവാൻ ഫെറാൻഡോയുടെ തന്ത്രങ്ങളുമായി ഇറങ്ങുന്ന ഗോവയുടെ ലക്ഷ്യം ആദ്യ കിരീടം. മധ്യനിരയിലെ എഡു ബെഡിയ, ഗ്ലാൻ മാർട്ടിൻസ് സഖ്യമാണ് ഗോവയുടെ കരുത്ത്. ധീരജ് സിംഗ്, ബ്രാണ്ടൻ ഫെർണാണ്ടസ് തുടങ്ങി ഒരുപിടി യുവതാരങ്ങളും ഗോവൻ നിരയിലുണ്ട്. നെമിൽ മുഹമ്മദും ക്രിസ്റ്റി ഡേവിസുമാണ് ഗോവയിലെ മലയാളി സാന്നിധ്യം. ഡ്യൂറൻഡ് കപ്പ് നേടിയ ആത്മവിശ്വാസത്തോടെ ഗോവ. ഇരു ടീമും ഏറ്റുമുട്ടിയത് പതിനെട്ട് കളിയിലെങ്കില്‍ മുംബൈ ആറിലും ഗോവ ഏഴിലും ജയിച്ചു. അവസാന മൂന്ന് മത്സരം ഉൾപ്പടെ അഞ്ച് കളികൾ സമനിലയിലായി. കഴിഞ്ഞ സീസണിലെ സെമിഫൈനലിൽ മുംബൈയോടേറ്റ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ഗോവയിറങ്ങുന്നത്.
ഈസ്റ്റ് ബംഗാൾ-ജംഷെഡ്‌പൂർ സമനില
ഐഎസ്എല്ലിൽ ഇന്നലെ ഈസ്റ്റ് ബംഗാൾ-ജംഷെഡ്‌പൂർ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഓരോഗോൾ നേടി. പതിനെട്ടാം മിനിറ്റിൽ വാൽസ്‌കിസിന്‍റെ സെൽഫ് ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമൈൽ പീറ്റർ ഹാർട്‍ലി ജംഷെഡ്‌പൂരിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമിനും അപകടകരമായ മുന്നേറ്റങ്ങൾ നടത്താനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!