
ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-22) കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യപാദ സെമി ഫൈനലിന്(Jamshedpur FC vs Kerala Blasters) ഇറങ്ങും മുമ്പ് വിജയങ്ങളുടെ ഏഴാം സ്വര്‍ഗത്തിലായിരുന്നു ജംഷഡ്‌പൂര്‍ എഫ് സി. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച് ഐഎസ്എല്‍ റെക്കോര്‍ഡിട്ടശേഷമായിരുന്നു ജംഷഡ്‌പൂര്‍ സെമിക്ക് ഇറങ്ങിയത്. എന്നാല്‍ ജംഷഡ്‌പൂരിന്‍റെ അശ്വമേധത്തെ ബ്ലാസ്റ്റേഴ്സ് പിടിച്ചുകെട്ടിയത് സഹലിന്‍റെ ഒറ്റ ഗോളിലായിരുന്നു.
ലീഗ് ഘട്ടത്തില്‍ ബെംഗലൂരു എഫ് സിയോട് തോറ്റശേഷം കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജംഷഡ്‌പൂര്‍ ലീഗ് ഘട്ടത്തിലെ അപരാജിത കുതിപ്പ് തുടങ്ങിയത്. പിന്നീടുള്ള ജംഷഡ്പൂരിന്‍റെ കുതിപ്പില്‍ മുംബൈയും ഹൈദരാബാദുമെല്ലാം മുട്ടുകുത്തി.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലാനാരുണ്ട്? ശിവന്‍കുട്ടിയുടെ ചോദ്യം; വിജയമാഘോഷിച്ച് സോഷ്യല്‍ മീഡിയ
എന്നാല്‍ സെമിയിലിറങ്ങിയപ്പോള്‍ ജംഷഡ്‌പൂരിന്‍റെ കരുത്ത് തിരിച്ചറിഞ്ഞാണ് ഇവാന്‍ വുകോമനോവിച്ച് ടീമിനെ ഒരുക്കിയത്. ജംഷഡ്പൂരിന്‍റെ ശക്തിദുര്‍ഗമായ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ അഴിഞ്ഞാടാന്‍ സമ്മതിക്കാതെ കത്രിക പൂട്ടിട്ട് നിര്‍ത്തിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയത്തില്‍ നിര്‍ണായകമായത്. ആദ്യ പകുതിയില്‍ ജംഷഡ്‌പൂരിനായി ഡാനിയേല്‍ ചീമ ഒന്നുരണ്ടു തവണ ഗോളിന് അടുത്തെത്തിയെങ്കിലും അത് ഗോളാവാതിരുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗ്യമായി.
വിജയത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സങ്കടം അഡ്രിയാന്‍ ലൂണ എടുത്ത മനോഹര ഫ്രീ കിക്ക് ഗോളാവാതെ പോയതിലാവും. ബോക്സിന്‍റെ ഇടതുമൂലയില്‍ നിന്ന് ലൂണയെടുത്ത കിക്ക് ജംഷഡ്‌പൂര്‍ പ്രതിരോധ മതിലിനെയും അവരുടെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിനെയും കീഴടക്കിയെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങിയത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സങ്കടമായി. അതു കൂടി ഗോളായിരുന്നെങ്കില്‍ ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ച് ബ്ലാസ്റ്റേഴ്സിന് 15 ന് നടക്കുന്ന രണ്ടാംപാദ സെമിക്ക് ഇറങ്ങാമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!