Latest Videos

ഈസ്റ്റ് ബംഗാളിന് മുറിവേല്‍പിച്ച് എഡു ബേഡിയയുടെ ഇഞ്ചുറിടൈം ഗോള്‍; ഗോവയ്ക്ക് വിജയത്തുടക്കം

By Jomit JoseFirst Published Oct 12, 2022, 9:31 PM IST
Highlights

94-ാം മിനുറ്റില്‍ എഡു ബേഡിയ ഫ്രീകിക്കിലൂടെ നേടിയ ഗോള്‍ ഗോവയ്‌ക്ക് 2-1ന്‍റെ ജയം സമ്മാനിച്ചു

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ വിജയവഴിയില്‍ എത്താനുള്ള ഈസ്റ്റ് ബംഗാളിന്‍റെ ശ്രമം വിഫലം. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ കൊല്‍ക്കത്തന്‍ ടീം ഇന്നത്തെ അങ്കത്തില്‍ എഫ്‌സി ഗോവയോട് തോല്‍വി വഴങ്ങി. 2-1നാണ് ഗോവന്‍ പടയുടെ വിജയം. ഇഞ്ചുറിടൈമില്‍ അവസാന വിസിലിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ എഡു ബേഡിയയുടെ മിന്നും ഫ്രീകിക്ക് ഗോളാണ് ഗോവയ്ക്ക് 2-1ന്‍റെ വിജയം സമ്മാനിച്ചത്. ബേഡിയ തന്നെയാണ് കളിയിലെ താരവും. 

സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തില്‍ ആവേശ മത്സരത്തിനാണ് ആദ്യ മിനുറ്റുകളില്‍ ആരാധകര്‍ സാക്ഷികളായത്. ഈസ്റ്റ് ബംഗാള്‍ ക്ലീറ്റണ്‍ സില്‍വയെയും അലക്‌സിനെയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലും എഫ്‌സി ഗോവ ആല്‍വാരോ വാസ്‌ക്വസിനെ സ്ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനിലും കളത്തിലെത്തി. കിക്കോഫായി ഏഴാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ അസിസ്റ്റില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് ഗോവയെ മുന്നിലെത്തിച്ചു. ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ ഗോവയുടെ മുന്‍തൂക്കത്തോടെ ഇടവേളയ്ക്ക് പിരിഞ്ഞു.  

രണ്ടാംപകുതിയില്‍ തുല്യത നേടാനുള്ള ഈസ്റ്റ് ബംഗാളിന്‍റെ ശ്രമങ്ങള്‍ ഫലിക്കുന്നത് 64-ാം മിനുറ്റില്‍ മാത്രമായിരുന്നു. പെനാല്‍റ്റിയിലൂടെ ക്ലീറ്റണ്‍ സില്‍വയുടെ വകയായിരുന്നു സമനില ഗോള്‍. 90 മിനുറ്റുകള്‍ പൂര്‍ത്തിയായി നാല് മിനുറ്റ് ഇഞ്ചുറിടൈമിലേക്ക് മത്സരം നിങ്ങുമ്പോഴും 1-1ന്‍റെ സമനിലയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 94-ാം മിനുറ്റില്‍ എഡു ബേഡിയ ഫ്രീകിക്കിലൂടെ നേടിയ ഗോള്‍ ഗോവയ്‌ക്ക് സീസണില്‍ ടീമിന്‍റെ ആദ്യ പോരാട്ടത്തില്‍ 2-1ന്‍റെ ജയം സമ്മാനിച്ചു. 

ആദ്യ മത്സരത്തില്‍ തന്നെ ജയം നേടിയതോടെ എഫ്‌സി ഗോവ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്. മൂന്ന് പോയിന്‍റുമായി ഗോള്‍ മുന്‍തൂക്കത്തോടെ ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത് തുടരുന്നു.  

റിഷഭും രോഹിത്തും നിരാശപ്പെടുത്തി! സൂര്യകുമാറിന്റെ കരുത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

tags
click me!