കല്യൂഷ്‌നി തിരിച്ചെത്തി; മുംബൈക്കെതിരെ മൂന്ന് മാറ്റങ്ങളോടെ ബ്ലാസ്റ്റേഴ്‌സ്

By Web TeamFirst Published Jan 8, 2023, 7:19 PM IST
Highlights

മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി. 

മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിക്ക് എതിരായ മരണപ്പോരാട്ടത്തിന് മൂന്ന് മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്. 4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് ടീമിനെ അണിനിരത്തുന്നത്. മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം.  

കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിക്കെതിരെ പുറത്തിരുന്ന ഇവാന്‍ കല്യൂഷ്‌നി മടങ്ങിയെത്തിയപ്പോള്‍ ലെസ്‌കോവിച്ചും സസ്‌പെന്‍ഷന്‍ കാരണം സന്ദീപ് സിംഗും സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല. അപ്പോസ്തലോസ് ജിയാനു പകരക്കാരുടെ നിരയിലാണ്. പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ ഗോള്‍ബാറിന് കീഴെ എത്തുമ്പോള്‍ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, ജെസ്സല്‍ കാർണെയ്റോ, ജീക്‌സണ്‍ സിംഗ്, ഇവാന്‍ കല്യൂഷ്‌നി, സഹല്‍ അബ്‌ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍, ദിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരാണ് ആദ്യ 11ല്‍ ഉള്ളത്. 

മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി. തുട‍ർച്ചയായ എട്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇറങ്ങുമ്പോൾ കൊച്ചിയിലേറ്റ തോൽവിക്ക് പകരം വീട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. കൊച്ചിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച ബ്ലാസ്റ്റേഴ്സ് അവസാന എട്ട് കളിയിൽ ഏഴിലും ജയിച്ചാണ് മുംബൈയിൽ എത്തിയിരിക്കുന്നത്. ഇവാൻ കല്യൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താവും. ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയൻ ലൂണ എന്നിവർക്കൊപ്പം മലയാളി താരം സഹൽ അബ്ദുൽ സമദും മികച്ച ഫോമിലാണ്.

ഈ സീസണില്‍ പന്ത്രണ്ട് കളിയിൽ 30 പോയിന്‍റുമായി മുംബൈ സിറ്റി രണ്ടും 25 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നും സ്ഥാനങ്ങളിലാണ്. ഐഎസ്എല്ലില്‍ ഇരു ടീമും ഇതുവരെ പതിനേഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ ഏഴിലും ബ്ലാസ്റ്റേഴ്സ് നാലിലും ജയിച്ചു. ആറ് കളി സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ സീസണിൽ നേർക്കുനേർവന്ന രണ്ട് കളിയിലും ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. 12 കളികളില്‍ 23 പോയന്‍റുമായി എടികെ മോഹന്‍ ബഗാന്‍ തൊട്ടു പിന്നിലുണ്ട് എന്നതിനാല്‍ ആദ്യ മൂന്നില്‍ സ്ഥാനം നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്. 31 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് തലപ്പത്ത്. 

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിന് ഇന്ന് മരണപ്പോര്, എതിരാളികള്‍ മുംബൈ
 

click me!