കേരളം ഡാ; മിസോറമിനെ ഗോളടിച്ച് വീഴ്‌ത്തി സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

By Web TeamFirst Published Jan 8, 2023, 6:01 PM IST
Highlights

സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ജേതാക്കളായാണ് ഫൈനല്‍ റൗണ്ടിലേക്ക് കടന്നിരിക്കുന്നത്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കരുത്തരായ മിസോറമിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് കേരളത്തിന്‍റെ മുന്നേറ്റം. നരേഷ് ഭാഗ്യനാഥന്‍ ഇരട്ട ഗോൾ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ടും ഗിഫ്റ്റി ഗ്രേഷ്യസും വിശാഖ് മോഹനനും ലക്ഷ്യം കണ്ടു. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ജേതാക്കളായാണ്(15 പോയിന്‍റ്) ഫൈനല്‍ റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. ഇക്കുറി കളിച്ച അഞ്ച് മത്സരങ്ങളും കേരളം വിജയിച്ചു എന്ന പ്രത്യേകതയുണ്ട്. 12 പോയിന്‍റുമായി മിസോറമാണ് രണ്ടാം സ്ഥാനത്ത്. 

76th National Football Championship for Santosh Trophy 2022-23 🏆

കേരളം 💪🏻 pic.twitter.com/CfnKOT5yWZ

— Kerala Football Association (@keralafa)

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ മിസോറം ഒരിക്കല്‍പ്പോലും കേരളത്തിന് തലവേദനയായില്ല. ആദ്യപകുതിയുടെ 31-ാം മിനുറ്റില്‍ നരേഷിലൂടെ മുന്നിലെത്തിയ കേരളം രണ്ടാംപകുതിയില്‍ നാല് ഗോളടിച്ച് വിജയവും ഫൈനല്‍ റൗണ്ടിലേക്കുള്ള കുതിപ്പും ആവേശമാക്കി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഫ്രീകിക്കിലൂടെ നിജോ കേരളത്തിന്‍റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 64-ാം മിനുറ്റില്‍ നരേഷ് ഡബിള്‍ തികച്ചു. 79-ാം മിനുറ്റില്‍ ഗിഫ്റ്റിയും 86-ാം മിനുറ്റില്‍ വിശാഖ് മോഹനനും പട്ടിക പൂര്‍ത്തിയാക്കി. 80-ാം മിനുറ്റിലായിരുന്നു മിസോറമിന്‍റെ ഏക ആശ്വാസ ഗോള്‍. നേരത്തെ ആന്ധ്രാപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ജമ്മു കശ്‌മീര്‍ ടീമുകളെ കേരളം പരാജയപ്പെടുത്തിയിരുന്നു. 

സന്തോഷ് ട്രോഫി കേരള ടീം

ഗോളിമാര്‍: വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)

പ്രതിരോധം: എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)

മധ്യനിര: ഋഷിദത്ത് (തൃശൂർ)‌, എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)

മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സിന് ഇന്ന് മരണപ്പോര്, എതിരാളികള്‍ മുംബൈ

click me!