
ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ഒഡിഷ എഫ്‌സിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇന്നത്തെ മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സി വിജയിച്ചതോടെ പ്ലേ ഓഫ് ഉറപ്പാകുമോ എന്നറിയാന്‍ ഒഡിഷ ക്ലബ് കാത്തിരിക്കണം. ഭുവനേശ്വറില്‍ ഒഡിഷയുടെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ വിജയിച്ചത്. 61-ാം മിനുറ്റില്‍ ഹാരി സോയറും 63-ാം മിനുറ്റില്‍ റിത്വിക് ദാസുമാണ് ഗോളുകള്‍ നേടിയത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച ടീമാണ് ജംഷഡ്‌പൂര്‍ എഫ്‌സി.
നാളെ ബെംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ എഫ്‌സി ഗോവ പ്ലേ ഓഫിലെത്തുന്ന ആറാം ടീമാകും. 20 മത്സരങ്ങളില്‍ 46 പോയിന്‍റുള്ള മുംബൈ സിറ്റി എഫ്‌സിയും 19 കളികളില്‍ 39 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയും ഇത്രതന്നെ മത്സരങ്ങളില്‍ 31 വീതം പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനും ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് എഴരയ്‌ക്കാണ് ബെംഗളൂരു എഫ്‌സി-എഫ്‌സി ഗോവ പോരാട്ടം. സീസണില്‍ രണ്ട് തോല്‍വി മാത്രമുള്ള മുംബൈ സിറ്റി 14 ജയവും നാല് സമനിലയുമായാണ് ലീഗ് ഷീല്‍ഡ് കരസ്ഥമാക്കിയത്.
ഐഎസ്എല്ലില്‍ ലീഗ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങളാണ് പുരോഗമിക്കുന്നത്. നാളത്തെ ബെംഗളൂരു-ഗോവ പോരാട്ടം കഴിഞ്ഞാല്‍ 24-ാം തിയതി ചെന്നൈയിനും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും 25-ാം തിയതി ഈസ്റ്റ് ബംഗാളും എടികെ മോഹന്‍ ബഗാനും 26ന് കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും തമ്മിലുള്ള പോരാട്ടങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവ കഴിഞ്ഞാല്‍ മാര്‍ച്ച് 2 മുതല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 18നാണ് ഐഎസ്എല്‍ 9-ാം സീസണിന്‍റെ കലാശപ്പോര്.
അന്നുമിന്നും രാജാവ് ഡെയ്‌ല്‍ സ്റ്റെയ്‌ന്‍; റെക്കോര്‍ഡ് തകര്‍ക്കാനാവാതെ കീഴടങ്ങി പാറ്റ് കമ്മിന്‍സ്