
റെഡ്ബുൾ അറിന: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ആർബി ലൈപ്സിഷിനെ നേരിടും. രാത്രി ഒന്നരയ്ക്ക് ലൈപ്സിഷിന്‍റെ മൈതാനത്താണ് ആദ്യപാദ പ്രീക്വാർട്ടർ.
ഇംഗ്ലണ്ടിലെ ട്രോഫികളെല്ലാം പലതവണ വെട്ടിപ്പിടിച്ചിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ഇതുവരെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ തൊടാനായിട്ടില്ല. സൂപ്പർ കോച്ച് പെപ് ഗാർഡിയോളയുടെ ഏറ്റവും വലിയ ലക്ഷ്യവും വെല്ലുവിളിയും ഇതുതന്നെ. ഇത്തവണ സ്വപ്‌നകിരീടത്തിലേക്കുള്ള സിറ്റിയുടെ നോക്കൗട്ട് യാത്ര തുടങ്ങുന്നത് ജർമനിയിലാണ്. റെഡ്ബുൾ അറിനയിൽ ലൈപ്സിഷിനെ നേരിടുമ്പോൾ കഴിഞ്ഞ സീസണിൽ ഇതേ വേദിയിൽ ഏറ്റുമുട്ടിയപ്പോൾ നേരിട്ട തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് ഗാർഡിയോളയ്ക്കും സിറ്റിക്കും.
പ്രീമിയർ ലീഗിൽ കിരീടം നിലനിർത്താൻ ആഴ്സണലുമായി ഇഞ്ചോടിഞ്ച് പൊരുതുന്ന സിറ്റി ഓരോ കളിയിലും വ്യത്യസ്ത ഇലവനെയാണ് അണിനിരത്താറുള്ളത്. ലൈപ്സിഷിനെതിരെ ഇറങ്ങുമ്പോഴും ഗാർഡിയോള ഈ പതിവിന് മാറ്റം വരുത്തില്ല. കെവിൻ ഡിബ്രൂയിൻ കളിമെനയുമ്പോൾ ഗോളടിക്കാൻ മത്സരിക്കുന്നത് റിയാദ് മെഹറസ്, ഫിൽ ഫോഡൻ, ജാക് ഗ്രീലിഷ്, എർലിംഗ് ഹാലൻഡ്, ജൂലിയൻ അൽവാരസ് എന്നിവരാണ്. പരിക്ക് മാറിയെത്തുന്ന ക്രിസ്റ്റഫർ എൻകുൻകുവും തിമോ വെർണറും സിറ്റി പ്രതിരോധത്തിന് നിരന്തരം വെല്ലുവിളി ഉയർത്തുമെന്നുറപ്പ്.
സ്വന്തം കാണികൾക്ക് മുന്നിൽ പോരാട്ടവീര്യം ഇരട്ടിയാണ് ലൈപ്സിഷ് താരങ്ങൾക്ക്. ഇതുകൊണ്ട് തന്നെ രണ്ടാംപാദത്തിനായി ഇത്തിഹാദിലേക്ക് പോവും മുൻപ് നിർണായക ലീഡ് നേടുകയാവും ജർമൻ ക്ലബിന്‍റെ ലക്ഷ്യം. ഇരു ടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയത് രണ്ട് കളിയിൽ മാത്രമെങ്കില്‍ ആകെ പിറന്നത് പന്ത്രണ്ട് ഗോളുകൾ. റെഡ്ബുൾ അറിനയിൽ ലൈപ്സിഷ് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചപ്പോൾ ഇത്തിഹാദിൽ മൂന്നിനെതിരെ ആറ് ഗോൾ ജയത്തോടെയായിരുന്നു സിറ്റിയുടെ മറുപടി. ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഇന്‍റർ മിലാൻ രാത്രി ഒന്നരയ്ക്ക് എഫ് സി പോർട്ടോയെ നേരിടും. ഇന്‍ററിന്‍റെ മൈതാനത്താണ് മത്സരം.
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ മുക്കി ഫൈവ് സ്റ്റാര്‍ മാഡ്രിഡ്