
കൊച്ചി: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ പിന്നില്‍. കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ 45 മിനുറ്റുകളില്‍ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ലീഡാണ് മുംബൈ ടീം നേടിയത്.
മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ സ്റ്റാർട്ടിംഗ് ഇലവനില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. ഇവാന്‍ വുകോമനോവിച്ച് സ്വീകരിച്ചത് 4-4-2 ശൈലി. ദിമിത്രിയോസായിരുന്നു ആക്രമണത്തില്‍ സഹലിന് കൂട്ട്. മറ്റൊരു മലയാളി രാഹുല്‍ കെ പിയും ആദ്യ ഇലവനിലെത്തി. ഇവർക്കൊപ്പം അഡ്രിയാന്‍ ലൂണയുണ്ടായിട്ടും ആദ്യപകുതിയില്‍ മുംബൈയുടെ വലയില്‍ പന്തെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ആക്രമണങ്ങള്‍ വൈകിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് നീണ്ടു.
ഇരു ടീമിന്‍റേയും ഗോള്‍കാത്തിരിപ്പ് അവസാനിപ്പിച്ച് 21-ാം മിനുറ്റില്‍ മുംബൈ സിറ്റി എഫ്സി മുന്നിലെത്തി. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധതാരം മെഹ്താബ് സിംഗ് ഇടംകാല്‍ കൊണ്ടുതിർത്ത പവർ ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു.
10 മിനുറ്റിന്‍റെ ഇടവേളയില്‍ മുംബൈ സിറ്റി രണ്ടാം വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇക്കുറി മുംബൈക്കായി ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലാക്കിയായിരുന്നു ഡിയാസിന്‍റെ കൂള്‍ ഫിനിഷിംഗ്.
മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്. സീസണിൽ ഈസ്റ്റ് ബംഗാളിനോട് ഗംഭീര ജയത്തോടെ തുടങ്ങിയ മഞ്ഞപ്പടയ്ക്ക് കൊച്ചിയിൽ എടികെ മോഹന്‍ ബഗാനോടും ഭുവനേശ്വറില്‍ എവേ മത്സരത്തിൽ ഒഡിഷയോടും തോല്‍വി നേരിട്ടിരുന്നു. അതേസമയം സീസണിൽ ഇതുവരെ തോൽവിയറിയാതെയാണ് മുംബൈയുടെ മുന്നേറ്റം. ഒരു ജയവും രണ്ട് സമനിലയുമായി ലീഗിൽ നാലാമതാണ് മുംബൈ. കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും.
മുമ്പില്ലാത്തവിധം പിന്തുണയ്ക്കൂ! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കല്യാണി പ്രിയദര്‍ശന്‍- വീഡിയോ കാണാം